സുൽത്താൻ ബത്തേരി: കാടിറങ്ങിയ വടക്കനാട്
കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് നിലവിലുണ്ടെന്നും മുത്തങ്ങയിൽ താൽക്കാലിക ആനപ്പന്തി നിർമ്മിച്ച് വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഇതിന് കുങ്കി ആനകളുടെ സേവനം ആവശ്യമാണ്. മുത്തങ്ങ ആന ക്യാമ്പിലെ കുങ്കി ആനകൾ മദപ്പാടിലാണ്. തമിഴ്നാട് മുതുമലയിൽ നിന്ന് കുങ്കി ആനകളെ ലഭ്യമാക്കുന്നതിന് ശ്രമിച്ചെങ്കിലും അവിടുത്തെ കുങ്കി ആനകളും മദപ്പാടിലായതിനാൽ കർണ്ണാടക വനംവകുപ്പുമായി ബന്ധപ്പെട്ട് കുങ്കി ആനകളെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
കോളർ ഘടിപ്പിച്ചിട്ടുള്ള ആന കഴിഞ്ഞ ഏതാനും മാസങ്ങളായി കർണ്ണാടക ബന്ദിപ്പൂർ ടൈഗർ റിസർവ്വിലും അതിനോട്‌ചേർന്ന സ്ഥലങ്ങളിലുമായിരുന്നു. ഈ സമയങ്ങളിൽ കൊമ്പന്റെ കൃത്യമായ സ്ഥാനം റേഡിയോകോളർ സഗ്നൽ വഴി ലഭിച്ചിരുന്നു. കഴിഞ്ഞ 25ന് വയനാട് വനൃജീവി സങ്കേതം ലക്ഷ്യമാക്കി ആന നീങ്ങുന്നതായി മനസ്സിലാക്കി വിവരം എല്ലാ അസി. വൈൽഡ് ലൈഫ് വാർഡൻമാരെ അറിയിക്കുകയും ചെയ്തു. എന്നാൽ, കൊമ്പൻ അസാധാരണമായ വേഗത്തിൽ കർണ്ണാടക അതിർത്തി കടന്ന് 26ന് വെളുപ്പിന് വയനാട് വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുകയും വെളുപ്പിന് മൂന്നു മണിക്ക് കുറിച്യാട് റെയിഞ്ചിലെ കരിപ്പൂർ ഭാഗത്ത് സ്വകാര്യഭൂമിയിലെ വാഴതോട്ടത്തിൽ ഇറങ്ങുകയും ചെയ്തു. താത്തൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിട്ടു.
അന്നുതന്നെ വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശാനുസരണം കുറിച്യാട് അസി.വൈൽഡ് ലൈഫ് വാർഡൻ, മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പുദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് ആനയെ മയക്കുവെടി വെച്ച് പിടിക്കുന്ന കാര്യങ്ങൾ, നീരിക്ഷണത്തിനായുളള ജീവനക്കാരുടെ വിന്യാസം എന്നിവ തീരുമാനിച്ചു. 24 മണിക്കൂറും ആനയെ നിരിക്ഷിക്കുന്നതിനും, ആന ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും ഇറങ്ങുന്നത് തടയുന്നതിനും ജീവനക്കാർക്ക് പകലും രാത്രിയുമായി ഡ്യൂട്ടി നിശ്ചയിച്ചു.
ഫോറസ്റ്റ്‌സ്റ്റേഷൻ ജീവനക്കാർക്ക് പുറമെ ആർ.ആർ.ടി ആൻഡ് എലിഫന്റ് സ്‌ക്വാഡ് ടീമും ഉണ്ടായിരുന്നു. സംഘം ആനയുടെ സ്ഥാനംവും മറ്റ് വിവരങ്ങളും വൈൽഡ് ലൈഫ് വാർഡനെ അറിയിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ സമയാസമയം നൽകുന്നുമുണ്ട്.
കുപ്പാടി ഫോറസ്റ്റ്‌സ്റ്റേഷൻ ജീവനക്കാർ വടക്കനാട്, പണയമ്പം, വള്ളുവാടി തുടങ്ങിയ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മറ്റ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ പട്രോളിങ്ങ് നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് വൈൽഡ്‌ലൈഫ് സർക്കിൾ ചീഫ്‌ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ.അഞ്ജൻകുമാർ വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വനപാലകർ രാപ്പകൽ തുടർച്ചയായി ആനയെ നിരിക്ഷിക്കുകയും ആന ജനവാസകേന്ദ്രങ്ങളിലും കൃഷയിടങ്ങളിലും ഇറങ്ങുന്നത് തടയുന്നതിനുമായി നിരന്തരം പ്രയത്നിച്ചു വരുന്നുമുണ്ടെന്ന് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.