സുൽത്താൻ ബത്തേരി:ദേശീയ പാത 766-ലെ രാത്രിയാത്രാ നിരോധന പ്രശ്‌നം പരിഹരിക്കാനുളള മേൽപ്പാല പദ്ധതിക്ക് പുതിയ തടസ്സങ്ങൾ ഉയരുന്നതിന് കാരണം കേരള സർക്കാരിന്റെ അനാസ്ഥയും ഒരുലോബിയുടെ അവിഹിത സ്വാധീനവുമാണെന്ന് നീലഗിരി വയനാട് എൻ.എച്ച് ആന്റ് റയിൽവേ ആക്ഷൻ കമ്മറ്റി കുറ്റപ്പെടുത്തി. മേൽപ്പാല പദ്ധതിക്ക് വരുന്ന ചിലവിന്റെ പകുതി നൽകാമെന്ന് കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിനെ തുടർന്ന് പകുതി തുക നൽകാമെന്ന്‌ സംസ്ഥാന സർക്കാരും കഴിഞ്ഞ വർഷം നവംബർ അവസാനം തീരുമാനിച്ചിരുന്നു. എന്നാൽ യാതൊരു തുടർ നടപടിയും കേരള സർക്കാർ സ്വീകരിച്ചില്ല. തീരുമാനം സുപ്രീംകോടതിയെ അറിയിച്ച് തുടർനടപടികൾ വേഗത്തിലാക്കുകയും കർണ്ണടക സർക്കാരുമായും കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയവുമായും ചർച്ച നടത്തി അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഫയൽ പൂഴ്ത്തി വെക്കപ്പെട്ടു. തലശ്ശേരി മൈസൂർ റയിൽപാതലോബിയുടെയും ആ പാതയുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതി ഉപദേശകന്റെയും അവിഹിത സ്വാധീനമാണ് ഇതിന് പുറകിലെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു. നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയും ദേശീയപാത 766ഉം ഇല്ലാതാക്കി തലശ്ശേരി മൈസൂർ റയിൽപാതയ്ക്ക് അതുവഴി വരുമാനം കൂടുതൽ ലഭിക്കുമെന്ന് കണക്കുകൾ ഉണ്ടാക്കി ആ പാത ലാഭകരമാണെന്ന് വരുത്തിത്തീർത്ത് അനുമതി ലഭ്യമാക്കാനുളള കുതന്ത്രങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് അകറ്റി നിർത്താൻകേരള സർക്കാർ തയ്യാറായില്ലെങ്കിൽകേരളത്തിന് വൻ നഷ്ടങ്ങളാണ് അത് മൂലമുണ്ടാകുക.
മേൽപ്പാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ കർണ്ണാടക-കേന്ദ്ര സർക്കാരുകളുമായി കേരള സർക്കാൻ ഉടൻ ഉന്നതതല ചർച്ചകൾ നടത്തണമെന്നും ചിലവിന്റെ പകുതി വഹിക്കാനുളള തീരുമാനം സുപ്രീംകോടതിയെ അറിയിക്കണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.