പുൽപ്പളളി:പാൽവെളിച്ചം - ബാവലി റോഡുപണി മുടങ്ങിയ നിലയിൽ. അഞ്ചരക്കോടി രൂപ ചെലവിൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച റോഡുപണി മുടങ്ങിയതോടെ ഈ വഴി യാത്ര ചെയ്യുന്നവരും റോഡിനിരുവശവും കഴിയുന്ന ആളുകളും വലയുകയാണ്. അഞ്ച് വർഷം മുമ്പാണ്‌ റോഡുപണി ആരംഭിച്ചത്. അഞ്ചര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ സോളിംഗ് പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്. 11 കലുങ്കുകളിൽ 7 എണ്ണത്തിന്റെ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്.
തിരുനെല്ലി പഞ്ചായത്തിലെ ബാവലി മുതൽ ഷണമംഗലം വരെയുള്ള പ്രദേശത്ത് നൂറിലേറെ കുടുംബങ്ങൾ റോഡിനിരുവശവുമായി കഴിയുന്നുണ്ട്. ഈ വഴി വാഹനമോടിക്കുമ്പോൾ കല്ലുകളിളകിത്തെറിച്ച് വീടുകളിലേക്ക് പതിക്കുന്നത് പതിവായി. കല്ല് തെറിച്ചുവീണ് പലർക്കും പരിക്കേറ്റിട്ടുമുണ്ട്. നിരവധി വിദ്യാർത്ഥികളും വയോജനങ്ങളുമെല്ലാം ഈ പ്രദേശത്തുണ്ട്. രോഗികളായവരും ഏറെയുണ്ട്. ഗോത്ര സാരധി പദ്ധതി പ്രകാരം ആദിവാസി വിദ്യാർത്ഥികളെ മുമ്പെല്ലാം ഇവിടെനിന്ന് സ്‌കൂളുകളിലേക്ക് വാഹനത്തിൽ കൊണ്ടുപോയിരുന്നു. റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ ഇതും നിലച്ചു. റോഡുപണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും അധികൃതർക്ക് നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.