കൽപ്പറ്റ: മാപ്പിള കലകളുടെ പ്രചാരണത്തിനും അറബി സാഹിത്യ മേഖലയിലെ പ്രവർത്തനങ്ങളുടെ സമഗ്ര സംഭാവനക്കുമുള്ള അംഗീകാരം മുട്ടിൽ ഓർഫനേജ് യു.പി.സ്‌കൂൾ അദ്ധ്യാപകനായ എം.അബ്ദുല്ലക്ക് സമ്മാനിച്ചു. സ്‌കൂൾ കലോൽസവത്തിൽ അറബി സാഹിത്യ വിഭാഗങ്ങൾക്ക് മൽസരം ഉൾപ്പെടുത്തിയത് മുതൽ തുടർച്ചയായി 16 വർഷവും സുൽത്താൻ ബത്തേരി ഉപജില്ലാ ജേതാക്കൾ മുട്ടിൽ യു.പി.സ്‌കൂളാണ്. എല്ലാവർഷവും പതിവ് തെറ്റിക്കാതെ കപ്പുമായി കലോൽസവ പ്രതിഭകൾ അബ്ദുല്ല മാസ്റ്ററോടൊപ്പം സ്‌കൂളിലെത്തും.മാപ്പിളപാട്ട്,സംഘഗാനം, അറബി ഉപന്യാസം,അറബി നാടകം, പദ്യപാരായണം, സംഭാഷണം തുടങ്ങിയ ഇനങ്ങളിൽ ജില്ലാ - സംസ്ഥാന മത്സരാർത്ഥികൾക്ക് ഈ വർഷവും അദ്ദേഹം പരിശീലനം നൽകിയിരുന്നു. മത്സരിച്ച മുഴുവൻ ഇനങ്ങളിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയുണ്ടായി. മാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കാനായി. മാപ്പിള കലകളുടെ വിവിധ പരിപാടികൾ നടപ്പാക്കുന്നതിനും പ്രോൽസാഹനത്തിനും പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി രൂപീകരിച്ച അക്കാഡമിയുടെ ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമാണ് അബ്ദുല്ല മാസ്റ്റർ. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി.ജി.അലക്‌സാണ്ടർ പുരസ്‌കാരം വിതരണം ചെയ്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ പയന്തോത്ത് മൂസ ഹാജി അദ്ധ്യക്ഷത വഹിച്ചു, പി.ടി.എ.പ്രസിഡന്റ് വി.സിറാജ്, വൈസ് പ്രസിഡന്റ് ഉസ്മാൻകോയ ദാരിമി, പി.എ.ജലീൽ, സീനിയർ അധ്യാപകൻ പി.കെ.തോമസ്, സ്റ്റാഫ് സെക്രട്ടറി എം.പി.മുസ്തഫ, സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് കൺവീനർ സി.കെ.ജാഫർ, പ്രസംഗിച്ചു.