കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ കെ.സി.റോസക്കുട്ടിക്കും ഷാനിമോൾ ഉസ്മാനും കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വം പരിഗണന നൽകിയേക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികിന്റെ സാന്നിധ്യത്തിൽ കൽപ്പറ്റയിൽ നടന്ന ജില്ലാ കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ സ്ഥാനാർഥി പരിഗണനയ്ക്കു റോസക്കുട്ടിയുടെയും ഷാനിമോൾ ഉസ്മാന്റെയും പേരുകളാണ് പ്രധാനമായും ഉയർന്നത്. ബത്തേരി എം.എൽ.എയും വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായിരുന്ന റോസക്കുട്ടി നിലവിൽ ഐ.ഐ.സി.സി മെമ്പറാണ്. പാർട്ടിയിൽ എ ഗ്രൂപ്പിനൊപ്പമാണ് ഇവർ. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവും എ.ഐ.സി.സി മുൻ സെക്രട്ടറിയുമാണ് ഐ ഗ്രൂപ്പിൽനിന്നുള്ള ഷാനിമോൾ ഉസ്മാൻ.
കെ.പി.സി.സി നേതൃത്വം ഐ ഗ്രൂപ്പിനു വിട്ടുകൊടുത്തതാണ് വയനാട് പാർലമെന്റ് മണ്ഡലം. രൂപീകരണത്തിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ഐ ഗ്രൂപ്പിൽനിന്നുള്ള എം.ഐ.ഷാനവാസാണ് വിജയിച്ചത്. ഷാനവാസ് ഓർമയായിരിക്കെയാണ് മൂന്നാമത്തെ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. മണ്ഡലത്തിനുവേണ്ടി ഐ ഗ്രൂപ്പ് ശാഠ്യം പിടിച്ചാൽ റോസക്കുട്ടിയുടെ സാധ്യത മങ്ങും. അതേസമയം മണ്ഡലം പരിധിയിലെ ജനകീയ അടിത്തറയുളള നേതാവിനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി തീരുമാനമെങ്കിൽ ചിത്രം മാറും. 2009ലെ പ്രഥമ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഷാനവാസിന്റെ വിജയം. സി.പി.ഐയെിലെ അഡ്വ.എം. റഹ്മത്തുല്ലയായിരുന്നു പ്രധാന എതിരാളി. എം.പി എന്ന നിലയിൽ വിമർശനങ്ങൾ നേരിടുന്നതിടെയായിരുന്നു ഷാനവാസിന്റെ രണ്ടാം അങ്കം. തിരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്നു അസംബ്ലി മണ്ഡലങ്ങളിലും പിന്നിലായെങ്കിലും സിപിഐയിലെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ചുരത്തിനു താഴെയുള്ള നിയോജകമണ്ഡലങ്ങളാണ് ഷാനവാസിനു തുണയായത്. മണ്ഡലത്തിൽ അടുത്ത തവണയും സിപിഐയ്ക്കായിരിക്കും എൽഡിഎഫ് ടിക്കറ്റ്. സത്യൻ മൊകേരി വീണ്ടും സ്ഥാനാർഥിയായി എത്താനാണ് സാധ്യത. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി, ഏറനാട്, വണ്ടൂർ നിയോജകമണ്ഡലങ്ങളിൽ യുഡിഎഫും കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.