മാനന്തവാടി: പക്രന്തളം -നിരവിൽപുഴ -മാനന്തവാടി റോഡ് നിർമ്മാണത്തിലെ കാലതാമസത്തിന് എതിരെ ആക്‌ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സമരമാരംഭിക്കുന്നു 14 ന് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യത്തെ തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റർ ഭാഗം വീതി കൂട്ടി ടാറിംഗ് ചെയ്യുന്നതിനായി പത്ത് കോടി രൂപ വകയിരുത്തിയിരുന്നു. ഒന്നര വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ട് ടെണ്ടർ ചെയ്ത പ്രവൃത്തിയുടെ പകുതിപോലും പൂർത്തിയാക്കുവാൻ കരാറുകാരന് സാധിച്ചിട്ടില്ല. ഇപ്പോൾ പ്രവൃത്തികൾ മുഴുവൻ നിലച്ച സ്ഥിതിയാണ്.
തരുവണ മുതൽ പഴഞ്ചന ഒമ്പതാം മൈൽ വരെയുള്ള ഭാഗം ഭാഗികമായി ടാറിംഗ് പൂർത്തികരിച്ചു. ബാക്കിയുള്ള റോഡ് തകർന്ന് കിടക്കുകയാണ്. റോഡിന് വീതി കൂട്ടുന്നതിന് ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തികൾ പോലും പൂർത്തികരിച്ചിട്ടില്ല. മഴക്കാലമാവുമ്പോൾ റോഡിൽ ഉറവയെടുക്കുന്നത് തടയുന്നതിന് റോഡ് ഉയർത്തുകയും ഡ്രൈനേജ് സംവിധാനവും ഒരുക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടന്നത്.
കരാറുകാരന്റെ അനാസ്ഥയ്ക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. കിണറ്റിങ്കൽ മുതൽ പൂരിഞ്ഞി വരെയുള്ള ഭാഗം റോഡ് പൊളിച്ചിടുകയും തുടർന്നുള്ള പണി നടക്കാത്തതിനാൽ പൊടിശല്യം രൂക്ഷമായി റോഡ് അരികിലുള്ള വീടുകളിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നിരവധി കുടുംബങ്ങൾ. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അസാനിദ്ധ്യത്തിൽ ഉണ്ടാക്കിയ റോഡിലെ കുഴികളും പൊടിയും കാരണം യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.
സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണമെന്ന് കരാറുകാരൻ പറയുന്നു. എന്നാൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ റോഡ് പണികൾ കൃത്യമായി നടക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും മരങ്ങൾ മുറിച്ചിട്ടത് മാറ്റാനും കരാർ എടുത്തയാൾ തയ്യറാകുന്നില്ല. മരങ്ങൾ മുറിക്കുന്നതിന് വേണ്ടി എടുത്ത വലിയ കുഴികൾ നികത്താത്തത് അപകടങ്ങൾക്കും കാരണമാവുന്നുണ്ട്.
നടപടി ഉണ്ടായില്ലെങ്കിൽ കരാറുകാരന്റെ വീട്ടിലേക്ക് മാർച്ചും അനിശ്ചിതകാല റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളും നടത്തുമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സാബു പി.അന്റണി, കൈപ്പാണി ഇബ്രായി,എ.ബാവ, മുനീർ കിണറ്റിങ്കൽ,കെ.മമ്മൂട്ടി, പി.ടി. മത്തായി, രജീഷ് എ.ആർ, മുരുട മൂസ്സ എന്നിവർ പങ്കെടുത്തു.