നാദാപുരം: ആക്രമ സംഭവങ്ങൾക്ക് വിട പറഞ്ഞ് സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നാദാപുരത്ത് സമാധാന കാംക്ഷികളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ആയുധ ശേഖരം കണ്ടെത്തി. കല്ലാച്ചി കുമ്മങ്കോട് സൗത്ത് എൽ.പി. സ്‌കൂൾ പരിസരത്തെ ഒറ്റപിലാവിൽ താഴക്കുനി പറമ്പിൽ നിന്നാണ് പുതുതായി നിർമ്മിച്ച ഒമ്പത് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ആൾ താമസമില്ലാത്ത ഈ പറമ്പിൽ രണ്ടു സ്വകാര്യ വ്യക്തികളുടെ പേരിലുള്ള സ്ഥലം അതിരുകൾ കെട്ടി വേർതിരിക്കാനായി മണ്ണിൽ കുഴിയെടുക്കുന്നതിനിടയിലാണ് തൊഴിലാളികൾ മണ്ണിനടിയിൽ വലിയ പി.വി.സി. പൈപ്പുകൾ കണ്ടെത്തിയത്. സംശയം തോന്നിയ തൊഴിലാളികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം, പയ്യോളി എന്നിവിടങ്ങളിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് അംഗങ്ങൾ പൈപ്പ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഒരു മീറ്റർ നീളവും നാല് ഇഞ്ച് വ്യാസവുമുള്ള പി.വി.സി. പൈപ്പിനുള്ളിൽ ഒന്നിന് പിറകെ മറ്റൊന്നായി സൂക്ഷിച്ച നിലയിലാണ് ഒമ്പത് സ്റ്റീൽ ബോംബുകളും സൂക്ഷിച്ചിരുന്നത്. ബോംബുകൾക്കിടയിൽ അറക്കപ്പൊടിയും നിറച്ചിട്ടുണ്ടായിരുന്നു.പി.വി.സി. പൈപ്പിൻറെ രണ്ട് അറ്റവും സ്റ്റോപ്പർ ഉപയോഗിച്ച് വെള്ളം കയറാത്ത വിധം അടച്ചു സൂക്ഷിച്ചിരുന്നു.
കുഴിയെടുക്കുന്നതിനിടയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട പി.വി.സി പൈപ്പിൽ പണിയായുധങ്ങൾ തട്ടിയിരുന്നെങ്കിലും സ്‌ഫോടനം നടക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റൂറൽ എസ്.പി. ജി.ജയദേവ്, എ.എസ്.പി. വിവേക് കുമാർ, കൺട്രോൾ റൂം സി.ഐ. എ.വി.ജോൺ, ജൂനിയർ എസ്.ഐ. എസ്.നിഖിൽ എന്നിവർ സ്ഥലത്തെത്തി ബോംബുകൾ പരിശോധിച്ചു. ബോംബുകൾ പുതുതായി നിർമ്മിച്ചവയാണെന്നും ഒരു മാസത്തിലധികം പഴക്കമില്ലെന്നും ബോംബ് സ്‌ക്വാഡ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് എ.എസ്.ഐ. എ.എം.ഭാസക്കരൻറെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.
പടം:നാദാപുരം കുമ്മങ്കോട് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ.