മാനന്തവാടി: ആത്മഹത്യ ചെയ്ത തവിഞ്ഞാൽ സഹകരണ ബാങ്ക് ജീവക്കാരൻ അനിൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വളത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ തേടി പൊലീസ് പരിശോധന നടത്തി. അനിൽകുമാറിന്റെ അമ്മയും ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. വനിതാ പൊലീസ് പോലും ഇല്ലതെ പരിശോധനയ്ക്ക് എത്തിയതാണ് വിവാദമായത്.

തലപ്പുഴ എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ത്രീകൾമാത്രം കഴിയുന്ന വീട്ടിൽ വനിതാ പൊലീസില്ലാതെ പരിശോധന പാടില്ലെന്നത് നിർബന്ധമാണ്. പ്രതികളുടെ വീട്ടിൽ ഇതുവരെ പരിശോധന പോലും നടത്താതെയാണ് അനിൽകുമാറിന്റെ വീട്ടിൽ രാത്രി പൊലീസ് എത്തിയത്.പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്നാണ് അനിൽകുമാറിന്റെ ഭാര്യയും അമ്മയും പറയുന്നത്.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ രാത്രി സമയത്ത് വനിതാ പൊലീസ് ഇല്ലാതെ പരിശോധനയ്ക്ക് എത്തിയത് ഗൗരവത്തോടെ കാണണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആക്‌ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

വളത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ നഷ്ടപ്പെട്ടുവെന്ന പരാതി പൊലിസിൽ നൽകിയിട്ടില്ലെന്ന് തവിഞ്ഞാൽ സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് പറഞ്ഞു.