കൽപ്പറ്റ: കേരള സാഹിത്യ അക്കാഡമി, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീ മുന്നേറ്റ രാഷ്ട്രീയ ചിന്തകളുടെ 'പെൺപക്ഷം 2019 ' സാംസ്‌കാരിക സംഗമം സംഘടിപ്പിക്കുന്നു.

14ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൽപ്പറ്റ ടൗൺഹാളിൽ നടക്കുന്ന പരിപാടി കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് മൃദുല ഗാർഗ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൽപ്പറ്റയിലെ സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന കല്ലങ്കോടൻ കുഞ്ഞീതിന്റെ അനുസ്മരണവും ഇതോടനുബന്ധിച്ച് നടക്കും.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ സാദ്ധ്യതകളും രാഷ്ട്രീയവും മുൻനിർത്തി നടത്തുന്ന പരിപാടിയിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്യും. ഗ്രന്ഥശാല പ്രവർത്തകർ, കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രതിഭകൾ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. പരിപാടിയിൽ കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷയാവും. കൃഷ്ണവേണി രചിച്ച എന്റെ പിതാവിന്റെ പുസ്തകങ്ങൾ, വി എസ് ബിന്ദുവിന്റെ രാവണൻ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.

10.30ന് നവോത്ഥാന ചരിത്രം ഒരു സ്ത്രീപക്ഷ വായന എന്ന വിഷയത്തിൽ ശ്രീ ശങ്കരചാര്യ സംസ്‌കൃത സർവകലാശാലയിലെ പ്രൊഫ. ഡോ. കെ.എം ഷീബ വിഷയം അവതരിപ്പിക്കും. ബി എം സുഹ്‌റ മോഡറേറ്ററാവും. സി.എസ് ചന്ദ്രിക, ഇ.പി ജ്യോതി, കെ വിശാലാക്ഷി, എ.കെ രാജേഷ്, പി ശിവദാസ് എന്നിവർ സംസാരിക്കും.

12ന് ആരംഭിക്കുന്ന സെഷനിൽ കല, ഭാഷ പരിസ്ഥിതി എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള സാഹിത്യേതര സ്ത്രീ ആവിഷ്‌കാരങ്ങൾ എന്ന വിഷയത്തിൽ ചിത്രകാരി കവിതാ ബാലകൃഷ്ണൻ വിഷയം അവതരിപ്പിക്കും. പി.കെ ഭാഗ്യലക്ഷ്മി മോഡറേറ്റാകും. പി സാജിത, വി.എംഗിരിജ, ദീപ, വി.എസ് ബിന്ദു, എസ്.കെ കവിത, കെ ശിവദാസ് എന്നിവർ സംസാരിക്കും.
രണ്ടിന് ആരംഭിക്കുന്ന മൂന്നാമത്തെ സെഷനിൽ 'ഗോത്ര ജീവിതത്തിന്റെ സാംസ്‌കാരിക വർത്തമാനം" എന്ന വിഷയത്തിൽ ശ്രീബാല കെ മേനോൻ മോഡറേറ്ററാവും. സംവിധായിക ലീല സന്തോഷ്, സി.ഡി സരസ്വതി, പി.കെ സുധീർ, കൃഷ്ണവേണി, എം ശിവൻപിള്ള എന്നിവർ സംസാരിക്കും. തുടർന്ന് ബിന്ദു മാനിവയൽ അവതരിപ്പിക്കുന്ന 'പെൺപാട്ടുകൾ" അരങ്ങേറും.
വൈകീട്ട് 4.30ന് സമാപന സമ്മേളനവും കല്ലങ്കോടൻ കുഞ്ഞീദ് അനുസ്മരണവും സി.കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തും. പെൺപക്ഷ വേദിയിൽ കവിതാ ബാലകൃഷ്ണൻ, ദീപ, പി.കെ ഭാഗ്യലക്ഷ്മി എന്നിവരുടെ ചിത്രപ്രദർശനം ഉണ്ടാവും.

വാർത്താസമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ ബാബുരാജ്, എ.കെ രാജേഷ്, പ്രീത ജെ പ്രിയദർശിനി, പി.ഒ ഷീജ എന്നിവർ പങ്കെടുത്തു.