tintu

കോഴിക്കോട്:റെയിൽവേയിൽ ഉദാരമാക്കിയ കായിക താരങ്ങളുടെ പുതിയ പ്രൊമോഷൻ നയത്തിന്റെ ഭാഗമായി അന്തർദേശീയ അത്‌ലറ്റ് ടിന്റു ലൂകയ്ക്ക് ഒാഫീസർ പദവി.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറായ ടിന്റുവിന് സേലം ഡിവിഷനിൽ ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടിയിലാണ് നിയമനം നൽകിയിട്ടുള്ളത്.

ദക്ഷിണ റെയിൽവേയിൽ ആകെ മൂന്ന് പേർക്കാണ് പുതിയ നയം അനുസരിച്ച് പ്രമോഷൻ ലഭിച്ചിട്ടുള്ളത്.

ചെന്നൈയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ രഞ്ചിത്ത് മഹേശ്വരിയെ തിരുച്ചിറപ്പള്ളിയിൽ ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടിയിലും ചെന്നൈ സെൻട്രലിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ചന്ദ്രശേഖരനെ മധുര ഡിവിഷനിൽ ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടിയിലുമാണ് ഒാഫീസർ പദവിയിലേക്ക് സീനിയോറിറ്റി പരിഗണിക്കാതെ സ്പോട്സ് മികവിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രമോഷൻ നൽകിയിരിക്കുന്നത്.

മെഡൽ ജേതാക്കളെ പരിശീലിപ്പിക്കുന്ന റെയിൽവേ കോച്ചുമാർ, പത്മശ്രീ ലഭിക്കുന്ന കായിക പ്രതിഭകൾ, അർജ്ജുന അവാർഡ് ജേതാക്കൾ, രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ജേതാക്കൾ, രണ്ട് തവണ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡൽ നേടുകയും ചെയ്ത കായിക താരങ്ങൾ എന്നിവർക്ക് റെയിൽവേയിൽ ഒാഫീസർ പദവി നൽകുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു.
ഒളിമ്പിക്‌സ് ഗെയിംസ്, ലോക കപ്പ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നീ കായിക മാമാങ്കങ്ങളിൽ മെഡൽ ജേതാക്കളായ മൂന്ന് കായികതാരങ്ങളെയെങ്കിലും പരിശീലിപ്പിച്ച കോച്ചായിരിക്കണം.ഇവരിൽ ഒരു കായികതാരമെങ്കിലും ഒളിമ്പിക്‌സ് ഗെയിംസിൽ മെഡൽ നേടിയാൽ മതി.
റെയിൽവേയുടെ നേരത്തെയുള്ള നയം അനുസരിച്ച് ഒളിമ്പിക്‌സിൽ മെഡലോ നാലാം സ്ഥാനമോ നേടുന്ന കായിക താരങ്ങൾക്ക് മാത്രമെ ഒാഫീസർ പദവിയിലേക്ക് പ്രൊമോഷൻ ലഭിക്കുകയുള്ളു.

ഒാഫീസർ പദവി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ടിന്റു കേരളകൗമുദിയോട് പറഞ്ഞു.ഒാർഡർ ലഭിച്ചിട്ടില്ല.ജനറൽ മാനേജരുടെ അറിയിപ്പ് മാത്രമാണ് കണ്ടത്.ഒാർഡർ ലഭിച്ചാൽ ഉടൻ പുതിയ ജോലിയിൽ പ്രവേശിക്കും- അവർ പറഞ്ഞു.