സുൽത്താൻ ബത്തേരി: മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വയനാടൻ ജൈവ മണ്ഡലത്തിൽ ഈ വർഷം പല ഫലവൃക്ഷങ്ങളും ഇതുവരെ വരെ പുഷ്പിക്കാത്തത് വനവാസികളേയും കർഷകരേയും ആശങ്കയിലാക്കുന്നു. മാവും പ്ലാവുമെല്ലാം ഇക്കുറി അവധി എടുത്ത മട്ടിലാണ്. കഴിഞ്ഞ വർഷം ജനുവരി ആയപ്പോഴേക്കും കൃഷിയിടങ്ങളിൽ നിന്ന് പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കുന്ന ഇടിച്ചക്ക ലോഡുകണക്കിന് കയറ്റി അയച്ച നാടാണ് ഇത്. ഒരു ചക്കയ്ക്ക് അഞ്ച് മുതൽ പത്തു രൂപ വരെ വില നൽകിയായിരുന്നു കച്ചവടക്കാർ സംഭരിച്ചിരുന്നത്.
കൃഷിയിടങ്ങളിൽ കാട്ടു പന്നികളുടേയും കുരങ്ങുകളുടേയും ശല്ല്യം കുറയ്ക്കാൻ പല കർഷകരും ഇടിച്ചക്ക പരമാവധി കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. വിഷരഹിതമായ ഭക്ഷണ സാധനങ്ങൾ തേടിയുളള പുതിയ കാലത്തിന്റെ അന്വേഷണങ്ങൾ സജീവമായതോടെയാണ് ഇവ കർഷകർക്ക് വരുമാനം തരുന്ന ഇനങ്ങളായി മാറിയത്. കായ്ഫലമുളള പ്ലാവുകളുടേയും പുഷ്പിച്ച മാവുകളുടേയും എണ്ണം തോട്ടങ്ങളിൽ തീരെ കുറവാണ്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ മഴക്കാലത്തെ പ്രധാന ഭക്ഷണങ്ങളിൽ പെട്ട മാങ്ങയുടേയും ചക്കയുടേയും എല്ലാം ഉത്പാദനം ഗണ്യമായി കുറയുന്നത് അവരുടെ പരമ്പരാഗത ഭക്ഷണ രീതികളേയും ബാധിക്കും. ചക്കമഹോൽസവം പോലുളള ജൈവ ഉത്പന്നങ്ങളുടെ ഉത്പാദന വർദ്ധനവിന് ഗവൺമെന്റ് തലത്തിൽ പോലും വലിയ പദ്ധതികൾ പരിഗണിക്കുമ്പോഴാണ് കാലാവസ്ഥയുടെ ഈ മാറ്റം ദോഷകരമാകുന്നത്.
വനത്തിനുളളിലും ഈ മാറ്റം പ്രകടമാണ്. ഞാവൽ,കാഞ്ഞിരം, കരിമരുത്,ചടച്ചി,വെളള ചടച്ചി, പൂവം തുടങ്ങി ശൈത്യകാലത്ത് പുഷ്പിക്കുന്ന പല വൃക്ഷങ്ങളും ഈ വർഷം പൂത്തിട്ടില്ലെന്ന് വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസികളും ചൂണ്ടിക്കാട്ടുന്നു. ഇതിൽ പലതിന്റെയും കായ്കൾ ഇവരുടേയും വന ജീവികളുടേയും വർഷ കാല ഭക്ഷണങ്ങളിൽ പ്രധാനമാണ്.വൃക്ഷങ്ങൾ പുഷ്പിക്കാത്തത് അടുത്ത തേൻ വിളവെടുപ്പിനേയും ദോഷകരമായി ബാധിക്കുമെന്ന് ഇവർ പറയുന്നു.
മുമ്പ് രൂക്ഷമായ വരൾച്ചയും കാട്ടു തീയും ഉണ്ടായ കാലത്താണ് പല ഫല വൃക്ഷങ്ങളും കായ്ക്കാതെ പോയതെന്ന് ഇവർ ഓർമ്മിക്കുന്നു. അന്ന് വരൾച്ചയ്ക്ക് പിന്നാലെ ഉണ്ടായ ഈ പ്രതിഭാസം ഈ വർഷം അതിവർഷത്തിന് ശേഷവും സംഭവിക്കുന്നത് ഗൗരവമായ പഠനം അർഹിക്കുന്ന വിഷയമായി മാറുകയാണ്.