കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്ന നീരുറവ അടിസ്ഥാനമാക്കിയുള്ള കുടിവെള്ള പദ്ധതി ശ്രദ്ധേയമാകുന്നു. അന്താരാഷട്ര ഏജൻസിയായ യൂണിസെഫുമായി സഹകരിച്ച് തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിൽ 25കുടിവെള്ള പദ്ധതികളാണ് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്നത്.
ഏറ്റവും കുറഞ്ഞ മുതൽമുടക്കിൽ, വേഗത്തിൽ വർഷം മുഴുവൻ കുടിവെള്ളം സുലഭമായി ലഭ്യമാക്കുവാൻ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത. ആവർത്തന ചെലവ് ഒട്ടും ഇല്ല എന്നതും, ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാകുന്നു എന്നതും പദ്ധതിയുടെ സവിശേഷതകളാണ്.
നിലവിലുള്ള പ്രകൃതി ദത്ത ഉറവിടങ്ങളുടെ സംരക്ഷണമാണ് പദ്ധതിയുടെ പ്രധാനം. ഇതിനായി നീരുറവകൾ കണ്ടെത്തി അവയ്ക്കു ചുറ്റും പ്രാദേശികമായി ലഭിക്കുന്ന കല്ലുകൾ ഉപയോഗിച്ച് 'സ്പ്രിങ്‌ബോക്സുകൾ' തയ്യാറാക്കുന്നു. അവിടെനിന്നു പൈപ് വഴി കുടിവെള്ളം പ്രത്യകം തയ്യാറാക്കിയ ഫിൽറ്ററിങ് യൂണിറ്റിൽ എത്തിക്കും. ഫിൽറ്ററിങ് മീഡിയയിലൂടെ കടന്ന് പൂർണമായും ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുളള സംഭരണ വിതരണ ടാങ്കുകളിൽ എത്തിക്കും. ഇവിടെനിന്ന് ആവശ്യക്കാർ വെള്ളംശേഖരിക്കും. ഒരു പദ്ധതിയിൽ നിന്ന് ശരാശരി ഏഴ് കുടുംബങ്ങൾ ഇതിൽനിന്ന് കുടിവെള്ളം ഉപയോഗിക്കുന്നുണ്ട്.