അമ്പലവയൽ: നാടിന്റെ ജീവവായുവായ ഇന്ത്യൻ ഭരണഘടന വെല്ലുവിളി നേരിടുകയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അമ്പലവയൽ ജിവിഎച്ച്എസ്എസിൽ കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്. ഭരണഘടനക്കെതിരെ ആക്രമണം നടത്തുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ളവരോ വിഘടനവാദികളോ അല്ലെന്നും രാജ്യം ഭരിക്കുന്നവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഇന്ത്യ ഇന്ത്യയായി നിലനിർത്താനുള്ള പ്രതിഷേധവും ഉയരുന്നുണ്ട് എന്നതാണ് ആശ്വാസകരം.
രാജ്യത്തെ സ്വയംഭരണസ്ഥാപനങ്ങളെയെല്ലാം ബിജെപി സർക്കാർ തകർക്കുകയാണ്. അഴിമതി ഫയലുകൾ പുറത്തെടുത്തിനാണ് സിബിഐ ഡയറക്ടറെ പുറത്താക്കിയത്. റഫേൽ ഇടപാടിൽ പ്രതിരോധമന്ത്രാലയത്തിന് നോട്ടീസ് നൽകിയതടക്കമുള്ള നടപടികളാണ് ഈ ഉന്നത ഉദ്യോഗസ്ഥനെതിരെ തിരിയാൻ കാരണം. വിദ്യാഭ്യാസ മേഖലയിൽ യുജിസി ഇല്ലാതാക്കുന്നതായും സർവകലാശാലയെ തകർക്കുന്നതായും റിയാസ് പറഞ്ഞു.
കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ഒ.ആർ കേളു എംഎൽഎ ഗുരുകാരുണ്യ എൻഡോവ്‌മെന്റ് വിതരണം നടത്തി.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബദറുന്നിസ, സംസ്ഥാനകമ്മിറ്റി അംഗം വി.എ ദേവകി, എ.കെ.എസ് ജില്ലാ സെക്രട്ടറി പി വാസുദേവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ഷമീർ സ്വാഗതവും കൺവീനർ എം കെ സ്വരാജ് നന്ദിയും പറഞ്ഞു. 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി വി ജെയിംസ് വരവ് ചെലവ് കണക്കും സംസ്ഥാന എക്സിക്യൂട്ടീവ് ടി വി പീറ്റർ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു.