കൽപ്പറ്റ: ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന തരുവണ പാലിയാണ ചെമ്പോക്കണ്ടി വൈഷ്ണവിന്റെ
ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് വൈഷ്ണവിന്റെ അഛൻ വിനോദും അമ്മ സബിതയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് അവർ
ആവശ്യപ്പെട്ടു.

ഒരുമാസം മുമ്പാണ് വൈഷ്ണവ് കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചത്. ആത്മഹത്യ കുറിപ്പിൽ സ്‌കൂളിലെ കെമിസ്ട്രി അദ്ധ്യാപകനായ നോബിളിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് മരിക്കുന്നതെന്ന് എഴുതിവച്ചിരുന്നു.

എന്നാൽ ആത്മഹത്യാകുറിപ്പോ മറ്റ് രേഖകളോ എഫ്.ഐ.ആറിൽ ഉൾപ്പെടുത്താതെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം പൊലീസ് കേസ് ലഘൂകരിക്കുകയും അദ്ധ്യാപകൻ ജാമ്യത്തിൽ ഇറങ്ങുകയും
ചെയ്തു. എഫ്.ഐ.ആർ. തയ്യാറാക്കിയ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ തന്നെയാണ് കേസ്
അന്വേഷിക്കുന്നതും. അന്വേഷണ ഉദ്യോഗസ്ഥൻ സ്‌കൂളിനും അദ്ധ്യാപകനും അനുകൂലമായി നിലകൊള്ളുകയാണെന്നും ഈ അന്വേഷണത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി കടുത്ത മാനസിക
വിഷമത്തിലാണ് തങ്ങൾ. സ്‌കൂളിന്റെ ഭാഗത്ത്നിന്ന് വീണ്ടും തങ്ങളെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് ഉണ്ടാവുന്നത്. വൈഷ്ണവിന്റെ
മൃതദേഹത്തിൽ ഒരു റീത്ത് സമർപ്പിക്കാൻ പോലും തയ്യാറാകാത്ത സ്‌കൂൾ അധികൃതരും അദ്ധ്യാപകനുവേണ്ടി വിദ്യാർത്ഥികളെകൂടി
കരുവാക്കുകയാണ്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ അനുഭവമുണ്ടാകരുതെന്നും കുട്ടിക്ക് നേരെ അദ്ധ്യാപകൻ എന്തുതരം പീഡനമാണ് നടത്തിയതെന്നറിയാൻ
തങ്ങൾക്ക് അവകാശമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നൽകും. തലപ്പുഴയിൽ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടപെട്ട കോൺഗ്രസ് പാർട്ടി പ്രവർത്തകനും ഭാരവാഹിയുമായ
തന്റെ വിഷയത്തിൽ അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും വിനോദ് പരാതിപ്പെട്ടു. ഭാര്യാപിതാവ് പി.കെ.ശങ്കരൻ, കർമ്മസമിതി ഭാരവാഹികളായ
വി.വി.ജോസ്, രാധാകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.