കൽപ്പറ്റ: ജനുവരി 15 പാലിയേറ്റീവ് ദിനമായി ആചരിക്കുമ്പോൾ വയനാട്ടിൽ നിന്നുള്ള രണ്ട് പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ മാതൃകയാവുന്നു.
സുൽത്താൻ ബത്തേരി കല്ലൂർ എരുത്തിപ്പള്ളി ഗഫൂറും, പനമരം ചുണ്ടക്കുന്ന് പുളിയകുന്ന് ഇല്യാസുമാണ് സ്വന്തം ജീവിതദു:ഖങ്ങൾക്കിടയിലും മറ്റുള്ളവരെ പരിചരിച്ച് സന്തോഷം കണ്ടെത്തുന്നത്.
കഴിഞ്ഞ പത്ത് വർഷമായി സുൽത്താൻ ബത്തേരി കല്ലൂരിൽ മൊബൈൽ സർവ്വീസ് നടത്തുന്ന എരുത്തിപ്പള്ളി അബ്ദുൾ ഗഫൂറിന് ജന്മനാ ഇടതുകാലിന് ചലനശേഷി ഇല്ല. സ്ട്രക്ചസ് ഉപയോഗിച്ചാണ് നടത്തം.
എസ്.എസ്.എൽ.സി. പഠനത്തിന് ശേഷം ഇലക്‌ട്രോണിക്സ്
കോഴ്സ് പഠിച്ചാണ് മൊബൈൽ റിപ്പയറിംഗിലേക്ക് തിരിഞ്ഞത്. ഭാര്യയും രണ്ട് മക്കളുമുള്ള അബ്ദുൾ ഗഫൂർ കഴിഞ്ഞ അഞ്ച് വർഷമായി നൂൽപ്പുഴ
ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് ഗ്രൂപ്പിൽ സപ്പോർട്ടിംഗ്
ഗ്രൂപ്പംഗമാണ്. ആഴ്ചയിൽ ഒരുദിവസം കിടപ്പുരോഗികൾക്ക്
പരിചരണം നൽകാൻ തന്റെ മുച്ചക്ര വാഹനത്തിൽ രോഗികളുടെ വീട്ടിലെത്തും. അഞ്ച് വർഷത്തിനിടെ
ഒരിക്കൽപോലും ഗഫൂർ ഇതിന് മുടക്കം വരുത്തിയിട്ടില്ല. കേരള ഫെഡറേഷൻ ഓഫ് ഡിസബിലിറ്റി ഏബിൾഡ് എന്ന ഭിന്നശേഷിക്കാരുടെ സംഘടനയുടെ സംസ്ഥാന വൈസ്
പ്രസിഡന്റുകൂടിയാണ് ഗഫൂർ. സുഹൃത്ത് ജിതേഷ്
തോട്ടാമൂല വഴിയാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളിലേക്ക്
ഇറങ്ങിത്തിരിച്ചത്.
പാലിയേറ്റീവ് ദിനത്തിന്റെ തലേന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കല്ലുമുക്കിൽ, വാഹനാപകടത്തിൽ നട്ടെല്ലിന്
പരിക്കേറ്റ് കിടപ്പിലായ ജിതിനെ പരിചരിക്കാൻ അബ്ദുൾ ഗഫൂറെത്തി.
ഇരു വൃക്കകളും തകർന്ന് കഴിഞ്ഞ നാല്
വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പുളിയക്കുന്ന് ഇല്യാസ്. ഒരിക്കൽ വൃക്ക മാറ്റിവെച്ചെങ്കിലും പരാജയപ്പെട്ടു. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണം. 15
ലക്ഷത്തോളം രൂപ ഇതിനകം ചികിത്സയ്ക്കായി ചിലവഴിച്ചു. ഇല്യാസിന് ആറുമാസം
പ്രായമുള്ളപ്പോൾ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. മാതാവ് പാത്തുമ്മ കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് ജോലികൾ ചെയ്തുമാണ് കുടുംബചെലവും മകന്റെ ചികിത്സയും നടത്തുന്നത്. ഇടയ്ക്ക് സന്മനസ്സുള്ളവരുടെ സഹായവും ഈ
കുടുംബത്തിന് ലഭിക്കും.
സ്വന്തം ദു:ഖം മറക്കാനും തന്നെക്കാൾ
ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമാകാനുമാണ് ഒരു വർഷം മുമ്പ് ഇല്യാസ് പാലിയേറ്റീവ് വളണ്ടിയറായത്.
18 സെന്റ് സ്ഥലം മാത്രമാണ് ഈ കുടുംബത്തിനുള്ളത്. രോഗികളുടെ വീട്ടിലെത്തുന്ന ഇല്യാസ് അവരോട് കുശലം പറഞ്ഞും നാട്ടുവിശേഷങ്ങൾ പങ്കിട്ടും അവർക്ക്
മാനസികമായും ശാരീരികമായുമുള്ള പിന്തുണ നൽകുകയാണ് ചെയ്തുവരുന്നത്.
തനിക്ക് എഴുന്നേറ്റ് നടക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ എന്നാണ് ഇല്യാസ് പറയുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ അയൽവാസിയായ നാഗരാജനെ കാണാൻ ഇന്നലെയും ഇല്യാസ് എത്തിയിരുന്നു.