പേരാമ്പ്ര : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടത്തിയ ദേശീയ സ്വച്ഛതാ പരിസ്ഥിതി ഫിലിം ഫെസ്റ്റിൽ മികച്ച സംവിധായകനുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് ബ്രിജേഷ് പ്രതാപിന്. വട്ടിയൂർക്കാവ് എം.എൽ.എ കെ. മുരളീധരൻ അവാർഡ് സമ്മാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനായ ബാലു കിരിയത്ത് ചെയർമാനായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. 'വെൻ ഡു യു' എന്ന ചിത്രമാണ് സമ്മാനാർഹമായത്. ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപ് തന്നെയാണ് നിർവ്വഹിച്ചത്. ശുചിത്വം വിഷയമാക്കിയ ചിത്രം കേരളത്തിനകത്തും പുറത്തുമായി നിരവധി പുരസ്‌കാരങ്ങളും നാഷണൽ ഫിലിം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ എക്‌സലൻസ് സർട്ടിഫിക്കറ്റ് അംഗീകരവും ലഭിച്ചിട്ടുണ്ട്. 3 വയസ്സുള്ള ഒരു പെൺകുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. കേരളത്തിലെ ഒരു ബസ് സ്റ്റാന്റ് പരിസരമാണ് പശ്ചാത്തലം. അവിടെ എത്തുന്ന വിവിധ യാത്രക്കാരും തൊഴിലാളികളുമാണ് മറ്റ് കഥാപാത്രങ്ങൾ. ഒട്ടും പ്രതീക്ഷിക്കാതെ ഇവിടെ നടക്കുന്ന ഒരു സംഭവവും അത് ആളുകളിൽ ഉണ്ടാക്കുന്ന മാറ്റവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പടം: ദേശീയ സ്വച്ഛതാ പരിസ്ഥിതി ഫിലിം ഫെസ്റ്റിൽ മികച്ച സംവിധായകനുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് ബ്രിജേഷ് പ്രതാപിന് വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ സമ്മാനിക്കുന്നു