കൽപ്പറ്റ: സുപ്രസിദ്ധ നടൻ ഒാംപുരിയുമായി തിരുനെല്ലി കാട്ടിലെത്തിയ ലെനിൻ രാജേന്ദ്രനെ വയനാട്ടിലെ ആദിവാസി സമൂഹം ഒരിക്കലും മറക്കില്ല.നല്ല സിനിമയുടെ വക്താവ് എന്നതിലുപരി ലെനിൻ തങ്ങളുടെ സ്വന്തം സോദരൻ എന്ന നിലയിലാണ് അവർ വരവേറ്റതും ലെനിൻ അവരോട് ഇടപെട്ടതും.
'പുരാവൃത്തം" ഒരുക്കാനായിരുന്നു ലെനിൻ രാജേന്ദ്രന്റെ വയനാട്ടിലെ വരവ്. നക്ലലൈറ്റ് വർഗ്ഗീസ് ഒരു കാലത്ത് ഒളിവിൽ കഴിഞ്ഞ് പോരാടിയ തിരുനെല്ലി കാട്ടിലെ ഉൾവനങ്ങളിലായിരുന്നു പുരാവൃത്തം ഷൂട്ട് ചെയ്തത്. രാമചന്ദ്രബാബുവിന്റെ ക്യാമറ തിരുനെല്ലിയുടെ സൗന്ദര്യം ശരിക്കും ഒപ്പിയെടുത്തു. ഒാംപുരിക്കൊപ്പം മുരളിയും രേവതിയും എല്ലാം മറന്ന് അഭിനയിച്ചു. ലെനിൻ സ്വന്തം നാട്ടുകാരനെപ്പോലെ മുഴുവൻ ജനങ്ങളുടെയും സ്നേഹമറിഞ്ഞ് പുരാവൃത്തം ഷൂട്ട് ചെയ്തു.
രാമു കാര്യാട്ടിന്റെ നെല്ല് സിനിമയ്ക്കാണ് തിരുനെല്ലിയിലെ ജനങ്ങൾ എല്ലാം മറന്ന് സഹകരിച്ചത്. അതിന് ശേഷം ലെനിൻ രാജേന്ദ്രനെയും അവർ നെഞ്ചിലേറ്റി. തിരുനെല്ലിയിലെ ജനങ്ങളുടെ സഹകരണത്തിൽ ലെനിൻ രാജേന്ദ്രൻ അതീവ സന്തുഷ്ടനായിരുന്നു. സിനിമ എന്നത് ജനകീയ കലയാണെന്ന് തെളിയിക്കുന്നതാരുന്നു പുരാവൃത്തത്തിലെ വയനാട്ടിലെ ഷൂട്ടിംഗ്.
ജഗതി ശ്രീകുമാറിന് വാഹനാപകടത്തിൽ പരിക്കേറ്റ വിവരം അറിഞ്ഞ് കുടകിൽ നിന്ന് മാനന്തവാടിയിൽ എത്തിയ ലെനിൻ രാജേന്ദ്രനെ ഇൗ ലേഖകൻ കാണുകയുണ്ടായി. ഒരു സിനിമ കൂടി വയനാട്ടിൽ ചിത്രീകരിക്കണമെന്ന മോഹം അദ്ദേഹം പങ്കുവച്ചിരുന്നു. ആരോഗ്യം പിന്നെ മോശമായി. ലെനിൻ എന്ന നല്ല സിനിമാക്കാരൻ ഇവിടെ ഒാർമ്മയാകുന്നു.