കൃഷ്ണഗിരി(വയനാട്): രഞ്ജിട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ആദ്യ ഇന്നിംഗ്സ്185 റൺസിന് ആൾഔട്ടായി.
ബാറ്റിംഗിനിടെ സഞ്ജു സാംസൺ പരിക്കേറ്റ് മടങ്ങിയതും കേരളത്തിന് തിരിച്ചടിയായി. മറുപടിയിൽ 97 റൺസെടുക്കുന്നതിനിടെ ഗുജറാത്തിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ രണ്ടാം ദിനത്തിലേക്ക് കേരളത്തിന് പ്രതീക്ഷയും നൽകി. 6 വിക്കറ്ര് കൈയിലിരിക്കേ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 88 റൺസ് പിന്നിലാണ് ഗുജറാത്ത്. തുടക്കത്തിൽ കേരള ബാറ്റ്സ്മാൻമാർ കരുതലോടെയാണ് കളിച്ചത്. ഏഴാമത്തെ ഓവറിൽ ടീം സ്കോർ 29ൽ നിൽക്കെയാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനാണ് (17) ഫാസ്റ്റ് ബൗളർ കലറിയയുടെ പന്തിൽ പുറത്തായത്. ക്യാപ്ടൻ സച്ചിൻ ബേബിയുടെ ഉൾപ്പെടെ മൂന്ന് വിക്കറ്റ് ഒരോവറിന്റെ ഇടവേളയിൽ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. മികച്ചരീതിയിൽ ബാറ്റുചെയ്യുകയായിരുന്ന ഓപ്പണർ പി രാഹുൽ(26) സി ടി ഗജയുടെ പന്തിൽ ക്ലീൻ ബൗൾഡായതിന് പിന്നാലെ സിജോമോൻ ജോസഫും സച്ചിനും റൺസൊന്നുമെടുക്കാതെ പുറത്തായി. ഫാസ്റ്റ് ബൗളർ നഗ്വാസ് വാലയ്ക്കായിരുന്നു രണ്ട് വിക്കറ്റും. സിജോമോൻ വിക്കറ്റ്കീപ്പർ പാർഥിവിന്റെ കൈയിലൊതുങ്ങിയപ്പോൾ ധ്രുവ് റവാൻ സച്ചിൻ ബേബിയെ പിടികൂടി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ സഞ്ജു സാംസണും വിനൂപ് മനോഹരനും രക്ഷാപ്രവർത്തനം ഏറ്റെടുത്ത് 46റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത വിനൂപിനെ പാർത്ഥിവിന്റെ കൈകളിലെത്തിച്ച് ഗജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.. 25–ാം ഓവറിൽ 17 റൺസെടുത്ത് നിൽക്കെ നഗ്വാസ് വാലയുടെ പന്ത് വിരലിൽ കൊണ്ട് പരിക്കേറ്റ് സഞ്ജുസാംസൺ പവലിയനിലേക്ക് മടങ്ങി. 14 റൺസെടുത്ത സക്സേന നഗ്വാസ് വാലയുടെ പന്തിൽ ക്ലീൻബോൾഡായി. വിഷ്ണു വിനോദിനെ (19) കലാറിയ വിക്കറ്റിന് മുന്നിൽ കുടുക്കി (സ്കോർ:146–7). എട്ട് റൺസെടുത്ത നിധീഷിനെ പിയൂഷ് ചൗളയുടെ കൈയിലെത്തിച്ച് ഗജ തന്റെ നാലാം വിക്കറ്റും നേടി (സ്കോർ:179–8). 33 പന്തിൽ നിന്നും 37 റൺസ് നേടി ബേസിൽ തമ്പിയാണ് ഏറ്റവും ഒടുവിലായി പുറത്തായത് .
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ രണ്ട് വിക്കറ്റുകൾ 14റൺസ് എടുക്കുന്നതിനിടയിൽ നഷ്ടമായി. സ്കോർ 66ൽ നിൽക്കെ പാർഥിവിന്റെയും 75ൽ നിൽക്കെ രാഹുൽ വിഷായു(15) ടെയും വിക്കറ്റെടുത്ത് ബേസിൽ തമ്പി കേരളത്തിന് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു. പത്ത് റണ്ണോടെ ഭട്ടും 12 റണ്ണുമായി ധ്രുവ് റവേലുമാണ് ക്രീസിൽ.