വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ രാജിവെച്ചു
കൽപ്പറ്റ:തരിയോട് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. എൽ.ഡി.എഫിലെ റീനാ സുനിലിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നൽകിയ പ്രമേയമാണ് ഏഴു വോട്ടുകളോടെ പാസ്സായത്. അവിശ്വാസ പ്രമേയം പാസ്സായതോടെ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരനും സ്ഥാനം രാജിവെച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി എൽ.ഡി.എഫ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന തരിയോട് ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്നലെ വോട്ടെടുപ്പിൽ പാസ്സായത്. ആറ് മാസം മുമ്പ് നൽകിയ പ്രമേയത്തിൽ ബി.ജെ.പി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ 11 മണിക്ക് നടന്ന ഭരണ സമിതി യോഗത്തിൽ എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്നു. യു.ഡി.എഫിലെ ആറ് അംഗങ്ങളും ബി.ജെ.പി യിലെ രണ്ട് അംഗങ്ങളും ഉൾപ്പെടെ എട്ട് പേരാണ് യോഗത്തിനെത്തിയത്.
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടത്തിയപ്പോൾ ഏഴ് അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബി.ജെ.പിയിലെ ഒരംഗം വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെ 13 അംഗ ഭരണ സമിതിയിൽ ഭൂരിപക്ഷവും അവിശ്വാസം രേഖപ്പെടുത്തിയതോടെ പ്രമേയം പാസ്സാവുകയായിരുന്നു. ബി.ജെ.പി യും യു.ഡി.എഫും അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് പഞ്ചായത്ത് ഭരണം അട്ടിമറിച്ചതെന്നും ഏറെ സംതൃപ്തിയോടെയാണ് സ്ഥനമൊഴിയുന്നതെന്നും റീനാ സുനിൽ പറഞ്ഞു.
പഞ്ചായത്ത് ഭരണത്തിൽ ഭൂരിപക്ഷം അംഗങ്ങളും സംതൃപ്തരല്ലാത്തത് കൊണ്ടാണ് അവിശ്വാസം പാസ്സായതെന്ന് യു.ഡി.എഫ് നതാക്കൾ പറഞ്ഞു.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ വികാരം മനസ്സിലാക്കിയാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തതെന്നാണ് ബി.ജെ.പി അംഗം പറഞ്ഞത്.
പ്രസിഡന്റ് പദവി നഷ്ടപ്പെട്ടതോടെ ഉച്ചയോടുകൂടി വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ഉപേക്ഷിക്കുകയായിരുന്നു. യു.ഡി.എഫ് ഹൈക്കോടതി മുഖേന ആവശ്യപ്പെട്ടത് പ്രകാരം വൻ പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് 5, യു.ഡി.എഫ് 6, ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില. ലീഗിന് രണ്ട് അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിനു ശേഷം അഭിപ്രായവ്യത്യാസത്തെ തുടർന്ന് ലീഗ് എൽ.ഡി.എഫിനെ പിന്തുണച്ചു. ഇപ്പോൾ തർക്കം തീർന്നതിനെ തുടർന്ന് ഒന്നിച്ചു നിന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.