കൽപ്പറ്റ: ഗൂഡലായ് കുന്നിലെ ജനങ്ങൾ പുലി ഭീതിയിൽ. പുലിയെ ഈ പ്രദേശത്ത് കാണാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും മുനിസിപ്പാലിറ്റിയും വനംവകുപ്പും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പരാതി. ആളുകൾ പുറത്തിറങ്ങി നടക്കാനും കൃഷിയിടങ്ങളിലേക്ക് പോകാനും ഭയക്കുകയാണ്.

മൂന്നാഴ്ചയ്ക്കിടെ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി പിടിച്ചിരുന്നു. ഗൂഡലായ് കുന്നിലെ പാറമടയിലും റോഡരികിലും പുലിയെ കാണുകയുണ്ടായി. പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് വയ്ക്കുകയും പുലിയുടെ നീക്കങ്ങൾ അറിയാൻ ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

വളർത്തു മൃഗങ്ങളെ പുലി കൊന്നിട്ടും അതിനെ പിടിക്കാത്തതിൽ കൽപ്പറ്റ മുനിസിപ്പൽ സ്വതന്ത്ര കർഷക സംഘം ശക്തമായ പ്രതിഷേധിച്ചു. ഗൂഡലായ്‌കുന്നിലെ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഉറപ്പുവരുത്തുന്നതിൽ മുനിസിപ്പാലിറ്റി അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് മാട്ടുമ്മൽ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.കുഞ്ഞുട്ടി സ്വാഗതം പറഞ്ഞു. സി.വി ഇബ്രാഹീം, അബു ഗൂഡലായ്, അലവി വടക്കേതിൽ, പി.കെ.സി.ഇബ്രാഹീം, നെടുമ്പ്രം പോക്കർ, മുണ്ടോളി മൂസ്സ ഹാജി, വട്ടത്തൊടുക റൗഫ്, കെ.ടി യൂസഫ്, കണ്ണാടി മമ്മുട്ടി എന്നിവർ പ്രസംഗിച്ചു.