കോഴിക്കോട്: കാരാട്ട് റസാഖ് പൊതുപ്രവർത്തനത്തിൽ ഇറങ്ങിയത് മുതൽ വിവാദങ്ങളുടെ നായകനായിരുന്നു. മുസ്ളിം ലീഗിലായിരുന്നപ്പോൾ സി.പി.എമ്മാണ് ആരോപണം ഉന്നയിച്ചത്. കള്ളക്കടത്തുകാരൻ ആണെന്നും ലീഗിന്റെ ഭരണ സ്വാധീനത്തിൽ കേസിൽ നിന്ന് രക്ഷപ്പെടുകയാണെന്നും ആയിരുന്നു ആരോപണം. റസാഖ് ഒന്നും ഗൗനിച്ചില്ല.പാവങ്ങളെ സഹായിച്ച് പ്രീതി സമ്പാദിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വിജയം നേടി.
പിന്നീട് സ്വർണ്ണ വ്യാപാരത്തിൽ നിന്ന് റിയൽ എസ്റ്റേറ്റ്, വൻകിട ആശുപത്രികൾ, സി.ബി.എസ്.ഇ സ്കൂളുകൾ എന്നീ ബിസിനസുകളിലേക്ക് തിരിഞ്ഞു.
റസാക്ക് നല്ലൊരു സംഘാടകനായിരുന്നു. പി.ടി.എ റഹിം മുസ്ളിം ലീഗ് വിട്ടപ്പോൾ കൊടുവള്ളിയിലെ ലീഗ് അണികളെ ലീഗിൽ പിടിച്ച് നിറുത്തിയത് കാരാട്ട് റസാഖ് ആയിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് റസാഖിനെ തഴഞ്ഞു.2011ൽ വി.എം ഉമ്മറിന് സീറ്റ് നൽകിയപ്പോൾ അടുത്ത തവണ പരിഗണിക്കാമെന്ന ഉറപ്പ് നൽകിയിരുന്നു. ലീഗ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച റസാഖിനെ 2016 ൽ വീണ്ടും തഴഞ്ഞു. സീറ്റ് നൽകിയത് മുസ്ളിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർക്കായിരുന്നു. അതോടെ വിമതനായി മത്സരിക്കാൻ തയ്യാറായി. ഇടത് മുന്നണി പിന്തുണ പ്രഖ്യാപിച്ചതോടെ ലീഗിന്റെ ഉറച്ച കോട്ടയിൽ കടുത്ത മത്സരമായി. 573 വോട്ടുകൾക്ക് കാരാട്ട് റസാഖ് വിജയിച്ചു.
എം.എൽ.എ ആയെങ്കിലും വിവാദങ്ങൾ ഒഴിഞ്ഞില്ല. കോഫെപോസ കേസിൽ പിടകിട്ടാപ്പുള്ളിയായ സ്വർണ്ണകള്ളക്കടത്ത്കാരൻ അബ്ദുൾ ഫെയ്‌സിനോടൊപ്പം ദുബായിൽ വേദി പങ്കിട്ട ഫോട്ടോ പുറത്ത് വന്നതാണ് വിവാദമായത്.