മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ നിന്ന് വള്ളിയൂർക്കാവ് റോഡ് ജംഗ്ഷനിലേക്ക് തിരിയുന്നിടത്ത് ചരക്ക് ലോറി കുടുങ്ങി ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സിമന്റ് കയറ്റിവന്ന ലോറി റോഡിന് വിലങ്ങനെ കുടുങ്ങിയതോടെ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സ്‌കൂൾ, ഓഫീസ് സമയമായതിനാൽ നിരവധി യാത്രക്കാർ ബുദ്ധിമുട്ടി. വാഹനങ്ങൾ ഗതി മാറ്റി വിട്ടെങ്കിലും ടൗൺ മുഴുവൻ ഗതാഗത കുരുക്കിലമർന്നു. ഏറെ നേരത്തെ ശ്രമഫലമായി ലോറി നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇവിടെ ഇത്തരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. ഇടുങ്ങിയതും കുത്തനെ വളഞ്ഞിറങ്ങുന്ന ഭാഗമായതിനാലും ഏറെ പണിപ്പെട്ടാണ് വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. മൈസൂർ ഭാഗത്തേക്കും, കോഴിക്കോട് ഭാഗത്തേക്കും മറ്റും വാഹനങ്ങൾ പോകുന്ന പ്രധാന ജംഗ്ഷനാണിത്. രണ്ട് മാസം മുമ്പ് ഇവിടെ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു.
കൂടാതെ പരിസരത്തെ ഹോട്ടലിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ലോറിയടക്കം ഇടിച്ചു കയറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.