പുൽപള്ളി: കബനി തീരത്തെ മരക്കടവിൽനിന്ന് കടുവയെ തുരത്താനുള്ള നീക്കം വിജയിച്ചില്ല. ഭീതി പരത്തിയ കടുവയെ കബനി കടത്തി കർണാടക വനത്തിലേക്ക് തുരത്താനുള്ള നീക്കം ഇന്നലെ രാത്രിയും തുടർന്നു. എന്നാൽ പുഴയിലേക്ക് ചാടിയ കടുവ കുറച്ചുനേരത്തിനു ശേഷം തിരിച്ച് കരയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് കടുവ തങ്ങിയ കുറ്റിക്കാടിന് തീ കൊളുത്തിയും ബാന്റ് കൊട്ടിയുമെല്ലാം കടുവയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. രാത്രിയോടെ കടുവ കബനി നീന്തി മറുകരയിലെ വനത്തിലേക്ക് പോവുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച രാവിലെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പശുവിന്റെ ജഡം 50 മീറ്ററോളം കടിച്ചുവലിച്ച് മാറ്റിയ ശേഷം ശരീരാവശിഷ്ടങ്ങൾ ഭക്ഷിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ കടുവ വീണ്ടും മരക്കടവിൽ തന്നെ എത്തിയെന്ന് വ്യക്തമായി.
വ്യാഴാഴ്ച വൈകീട്ട് വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കടുവയെ തുരത്തുന്നതിന് ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ കടുവയെ കണ്ടെത്തുകയും ചെയ്തു. കടുവയെ മറുകരയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചില്ല. തലങ്ങും വിലങ്ങും ഓടിയ കടുവ ഒടുവിൽ പുഴയിലേക്ക് ചാടി. എന്നാൽ പകുതി ദൂരം നീന്തിയശേഷം തിരികെ കരയിലേക്ക് കയറി. രാത്രിയായതിനാൽ ഓടിക്കാനുള്ള ശ്രമങ്ങൾ നിർത്തിവെച്ചു. കടുവയെ കാട്ടിലേക്ക് തു

രത്താനുള്ള ശ്രമങ്ങൾ അടുത്ത ദിവസവും തുടരും.

ആർ ബി ഫൗണ്ടേഷൻ വീടു നിർമ്മിച്ച് നൽകും
പുൽപ്പള്ളി: ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ ബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ് ലക്ഷം രൂപ ചെലവിലാണ് 11,12 വാർഡുകളിലെ രണ്ട് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിച്ച് നൽകുന്നത്. വീടുകളുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ സി പി വിൻസന്റ്, റഷീദ, ആർ ബി ഫൗണ്ടേഷൻ ഭാരവാഹികളായ പി. വി. ബിജു തുടങ്ങിയവർ പങ്കെടുത്തു.

ജസ്റ്റിസ് ജെ.ബി.കോശിക്ക്

പുൽപ്പള്ളിയിൽ സ്വീകരണം

പുൽപള്ളി: വൈ എം സി എ ദേശീയ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് ജെ. ബി. കോശിക്ക് 20 ന് പുൽപ്പള്ളിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30 ന് വൈ എം സി എ സെന്ററിൽ നടക്കുന്ന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജസ്റ്റിസ് ജെ. ബി. കോശി നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ സജി കൊല്ലറാത്ത്, ബെന്നി അമരിക്കാട്ട്, ബിജു അരീക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

എഫ് സോൺ കലോത്സവം ഇന്ന് തുടങ്ങും

പുൽപള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പുൽപ്പള്ളി എസ് എൻ ഡി പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്കാണ് വെള്ളിയാഴ്ച തുടക്കമാവുക. കലോത്സവത്തിന്റെ വരവറിയിച്ച് പുൽപള്ളി ടൗണിൽ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.