കൽപ്പറ്റ: കൽപ്പറ്റ മുനിസിപ്പൽ ഓഫീസിന് എതിർവശത്തെ ഗൂഡലായ് കുന്നിൽ നാട്ടുകാരെ ഏറെ നാളായി ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കൂട്ടിലായി. ഗൂഡലായി കുന്നിന് സമീപത്തെ റോക്ക് സൈഡ് എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പുലി കുടുങ്ങിയത്.
നായയെ കൂട്ടിലാക്കി കെണിയൊരുക്കുകയായിരുന്നു. നാലുവയസ്സുള്ള പെൺപുലിയാണ് പിടിയിലായത്. കൽപ്പറ്റ റെയ്ഞ്ചർ പി രഞ്ജിത്ത്, സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ പുലിയെ പരിശോധിച്ച് പൂർണ ആരോഗ്യമുള്ളതാണെന്ന് കണ്ടെത്തി. തുടർന്ന് മുത്തങ്ങ ഉൾവനത്തിൽ വിട്ടയച്ചു.
പുലിപ്പേടിയിൽ കൃഷിയിടങ്ങളിൽ പണിയ്ക്കിറങ്ങുന്നതിനും കുട്ടികളെയും ഒറ്റയ്ക്ക് യാത്രചെയ്യാൻ വിടാനുമെല്ലാം നാട്ടുകാർക്ക് പേടിയായിരുന്നു.ബുധനാഴ്ച രാവിലെ ജനവാസ കേന്ദ്രത്തിന് സമീപമെത്തിയ പള്ളിപ്പുലിക്ക് പിറകെ പോയ കൽപ്പറ്റയിലെ ഫോട്ടോഗ്രാഫർ പുലിയുടെ ഫോട്ടോയും എടുത്തിരുന്നു. പുലിയുടെ കുട്ടികളും സ്ഥലത്ത് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയുടെ കുട്ടിയുടെ ചിത്രം നാട്ടുകാർ പകർത്തിയിരുന്നു.പുലിയെ പിടിച്ചതോടെ അതിന്റെ കുട്ടികൾ സമീപ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിൽ രാപ്പകൽ ഭേദമന്യേ എത്തിയിരുന്ന പുലി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. തുടർന്നാണ് വനംവകുപ്പ് പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചത്.പുലിയുടെ നീക്കങ്ങൾ അറിയാൻ വനംവകുപ്പ് ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ബൈപ്പാസ് റോഡിനുസമീപത്തുള്ള ഈ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ മൂന്നാഴ്ചയ്ക്കുള്ളിൽ പുലി പിടിച്ചിരുന്നു. പുലിപ്പേടിയിൽ കൃഷിയിടങ്ങളിൽ പണിക്കിറങ്ങുന്നതിനും കുട്ടികളെയും ഒറ്റയ്ക്ക് വിടാനുമെല്ലാം ഭയന്നിരിക്കുകയായിരുന്നു നാട്ടുകാർ.