റോഡമിൻ ബി കാൻസറിന് കാരണമാകും
കോഴിക്കോട്: കർണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ശർക്കരയിൽ (വെല്ലം) അതിമാരകമായ റോഡമിൻ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടർന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശർക്കര നശിപ്പിക്കാൻ നിർദ്ദേശിച്ചു.
കാൻസർ രോഗം ഉണ്ടാക്കുന്ന റോഡമിൻ ബി ചേർത്ത ശർക്കര കഴിച്ചാൽ തൊലിയിൽ ചൊറിച്ചിൽ, കണ്ണുകൾക്ക് അസ്വസ്ഥത എന്നിവയാണ് ആദ്യം അനുഭവപ്പെടുക.തുടർച്ചയായി കഴിച്ചാൽ കാൻസർ രോഗിയായി മാറും.
വ്യവസായ ആവശ്യങ്ങൾക്ക് മാത്രമാണ് റോഡമിൻ ബി ഉപയോഗിക്കുന്നത്.തുണി വ്യവസായം , പെയിന്റ് നിർമ്മാണം, തുകൽ വ്യവസായം , കടലാസ് നിർമ്മാണം എന്നിവയിലാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്.
ചില കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചതിനെതുടർന്നാണ് പരിശോധന നടത്തി സാമ്പിൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനയിൽ റോഡമിൻ ബിയുടെ അംശം കണ്ടെത്തിയതോടെ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇവയുടെ വില്പന നിരോധിക്കുകയായിരുന്നു.ഹോട്ടൽ അസോസിയേഷനും ബേക്കറി അസോസിയേഷനും മറ്റൊരു അറിയിപ്പ് വരുന്നത് വരെ ശർക്കര ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.അംഗൻ വാടികളിലും സ്കൂളുകളിലും ശർക്കര ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.വീടുകളിൽ സ്റ്റോക്കുള്ള ശർക്കര തത്ക്കാലം ഉപയോഗിക്കരുതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ശർക്കരയിൽ യാതൊരു വിധ കളറും ചേർക്കാൻ പാടില്ലെന്നാണ് നിയമം.
ശർക്കരയ്ക്ക് നല്ല നിറം ലഭിക്കാനാണ് ഈ രാസ വസ്തു ഉപയോഗിക്കുന്നത്.
15 കേസുകൾ രജിസ്റ്റർ ചെയ്തു
പരാതി ലഭിച്ച ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിക്കുകയും ഇത് വരെ 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ പി.കെ ഏലിയാമ്മ പറഞ്ഞു.15 കേസാണെങ്കിലും പ്രതികൾ ഇതിലും എത്രയോ അധികമാണ്. പരിശോധന തുടരും.ക്രിമിനൽ കേസ് എടുക്കുന്ന കാര്യവും പരിഗണിക്കും- അവർ പറഞ്ഞു.
ശർക്കര വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
കൂടുതൽ നിറമുള്ളതും തിളക്കമുള്ളതുമായ ശർക്കര വാങ്ങാതിരിക്കുക
റോസ് നിറത്തിലുള്ള ശർക്കര ഉപയോഗിക്കാതിരിക്കുക
ചൂടുവെള്ളത്തിൽ ഇടുമ്പോൾ കൂടുതൽ നിറം വരുന്നതായി തോന്നിയാൽ ഉപയോഗിക്കാതിരിക്കുക