കോഴിക്കോട്: കോരപ്പുഴ പാലം പുനർനിർമാണത്തിന്റെ ഭാഗമായി ഉടലെടുത്ത യാത്രാ പ്രശ്‌നത്തിനു പരിഹാരമാകുന്നു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. യാത്രാ പ്രശ്‌നം പരിഹരിക്കാൻ പാലത്തിന്റെ ഇരു ഭാഗങ്ങളിൽ നിന്നും ബസുകൾ ഓട്ടം തുടങ്ങും. കോരപ്പുഴ മുതൽ കൊയിലാണ്ടി വരെ ആറു ബസുകളും എലത്തൂർ മുതൽ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് വരെ ആറ് ബസുകളും സർവീസ് നടത്താൻ യോഗത്തിൽ തീരുമാനമായി.
എലത്തൂർ സ്റ്റാൻഡ് മുതൽ കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡ് വരെ സർവീസ് നടത്തുന്ന ഒരു ബസ് ഏഴ്/എട്ട് ട്രിപ്പുകൾ ഓടാനും യോഗത്തിൽ ധാരണയായി. സമയക്രമം സംബന്ധിച്ച ധാരണ ബസുടമകൾ ആർ.ടി.ഒക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 20 മുതൽ തീരുമാനങ്ങൾ നടപ്പിൽ വരും. യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു, കോഴിക്കോട് ആർ.ടി.ഒ എ.കെ ശശികുമാർ, വടകര ജോയിന്റ് ആർ.ടി.ഒ. എൻ. സുരേഷ് കുമാർ, എലത്തൂർ അഡീ.എസ്.ഐ രാമചന്ദ്രൻ ടി, ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയായി

കോരപ്പുഴ പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ ദുരിതം കെ. കൃഷ്ണൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ശ്രദ്ധയിൽ പെടുത്തി. കോരപ്പുഴയുടെ രണ്ട് കരകളിൽ നിന്നും ബസ് സർവീസ് നടത്തണമെന്ന തീരുമാനം നടപ്പാക്കണമെന്ന് വി. റഹിയ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. രാധാകൃഷ്ണൻ സംസാരിച്ചു. ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ നടത്താമെന്ന് മേയർ കൗൺസിലിന് ഉറപ്പ് നൽകി.