സുൽത്താൻബത്തേരി: പ്രളയാനന്തര കേരളത്തിൽ മൃഗസംരക്ഷണ മേഖലയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ക്ഷീര കർഷകർക്കായി ബോധവൽക്കരണ പരിപാടിയും
സഹായക സാമഗ്രികളുടെ വിതരണവും സംഘടിപ്പിക്കും.
വയനാട്, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലായി പ്രളയബാധിതരായ 6200 ക്ഷീരകർഷകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനപരിപാടികൾ സംഘടിപ്പിക്കുകയും സഹായക സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്യും.
മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വയനാട് ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് മൂന്ന് ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നത്.
വയനാട് ജില്ലാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ചെയർമാൻ പി.കൃഷ്ണപ്രസാദ് നിർവഹിച്ചു. എഫ്.എ.ഒ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ.എ.ബി.നെഗ്ഗി പദ്ധതി വിശദീകരിച്ചു. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. ശശീന്ദ്രനാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മീര മോഹൻദാസ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്, ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.ബി.സുരേഷ്,പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. അപർണ്ണ കെ.ചന്ദ്രൻ, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ മോഹൻദാസ്, ജില്ലാ കോർഡിനേറ്റർമാരായ മിഥുൻബാബു എന്നിവർ സംസാരിച്ചു. ഡോ.വിക്രം സിംഗ്,ഡോ. ആക്ടിജോർജ്ജ്, ഡോ. പ്രജിത് എന്നിവർ ക്ലാസ്സെടുത്തു.