കൽപറ്റ: കേന്ദ്രാവിഷ്‌കൃത കബനി റിവർ വാലി പദ്ധതിയിൽ വയനാട്ടിൽ 3,490 കർഷകർക്കു അനുവദിച്ച വായ്പ പലിശ സഹിതം എഴുതിത്തള്ളി സർക്കാർ ഉത്തരവായി. 1,17,14,940 രൂപയാണ് എഴുതിത്തള്ളിയത്. ഇതിൽ 85.47 ലക്ഷം രൂപ വായ്പയും ബാക്കി പലിശയുമാണ്.
ജില്ലയിൽ കബനി നദിയുടെ വൃഷ്ടിപ്രദേശത്തുള്ള കർഷകരുടെ പുരയിടങ്ങളിൽ മണ്ണ്ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും നദിയിൽ അടിയുന്ന എക്കലിന്റെ അളവ് കുറയ്ക്കാനും നടപ്പിലാക്കിയതാണ് പദ്ധതി.
50 ശതമാനം സബ്‌സിഡിയോടെയാണ് വായ്പ അനുവദിച്ചത്. ആറു ശതമാനം പലിശ സഹിതം 20 അർദ്ധ വാർഷിക ഗഡുക്കളായി കർഷകർ അതത് വില്ലേജ് ഓഫീസുകളിൽ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലായിരുന്നു വായ്പ വിതരണം. 2004നുശേഷം വായ്പ വിഹിതം പൂർണമായി ഒഴിവാക്കി പദ്ധതിയുടെ സബ്‌സിഡി പാറ്റേണിൽ മാറ്റം വരുത്തി.
2004 വരെ വായ്പ ലഭിച്ചവരിൽ ആരും മുതലും പലിശയും തിരിച്ചടച്ചില്ല.

കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ നിർദേശിച്ചതനുസരിച്ച് തൃശൂർ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഓഫീസ് മണ്ണ് പര്യവേഷണമണ്ണു സംരക്ഷണ വകുപ്പിൽ പരിശോധന നടത്തുകയും സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടുകയുമുണ്ടായി. ഗുണഭോക്താക്കളിൽനിന്നു വായ്പ തിരിച്ചുപിടിക്കുന്നതിനു നടപടി സ്വീകരിക്കാൻ മണ്ണ് പര്യവേഷണമണ്ണു സംരക്ഷണ ഡയറക്ടർക്കു നിർദേശം നൽകുമെന്നായിരുന്നു സർക്കാരിന്റെ ഇടക്കാല മറുപടി. വൈകാതെ വായ്പ തിരിച്ചുപിടിക്കാൻ മണ്ണ് പര്യവേഷണമണ്ണു സംരക്ഷണ ഡയറക്ടർക്കു സർക്കാർ നിർദേശവും നൽകി. ഇതേത്തുടർന്നു ഡയറക്ടർ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് വായ്പകൾ പലിശ സഹിതം എഴുതിത്തള്ളുന്നതിനു സഹായകമായത്. ഡയറക്ടറുടെ റിപ്പോർട്ടിൽ
കബനി റിവർ വാലി പദ്ധതിയിൽ വായ്പയെടുത്ത കർഷകരുടെ ദുരിതം വിശദീകരിച്ചിരുന്നു. വായ്പക്കാരിൽ ഭൂരിഭാഗവും ദൈനംദിന ജീവിതത്തിനു പ്രയാസപ്പെടുന്ന ചെറുകിട കർഷകരാണെന്നും വരൾച്ചമൂലമുള്ള കൃഷിനാശവും കാർഷിക പ്രതിസന്ധിയും കടക്കെണിയിലാക്കിയതാണ് വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ കാരണമെന്നും ഡയറക്ടർ റിപ്പോർട്ട് നൽകി.പ്രകൃതിക്ഷോഭം മൂലം കർഷകർ ഇപ്പോൾ നേരിടുന്ന ദുരിതവും കണക്കിലെടുത്താണ് കബനി റിവർ വാലി പ്രൊജക്ട് വായ്പകൾ പലിശ സഹിതം എഴുതിത്തള്ളിയത്.