സുൽത്താൻ ബത്തേരി: നാലു പതിറ്റാണ്ട് മുമ്പ് ഒരു കൂട്ടം ഭൂരഹിതരായ ആദിവാസികൾക്ക് മിച്ചഭൂമി പതിച്ച് നൽകിയതായി രേഖയുണ്ടാക്കി അവരെ വഞ്ചിച്ചതിന്റെ തുടർച്ചയായി കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് വീണ്ടും വനവാസികളെ വേട്ടയാടുകയാണെന്ന് ഇരുളം മിച്ചഭൂമി പട്ടികജാതി പട്ടികവർഗ്ഗ ആക്ഷൻ കമ്മിറ്റി ചെയർമാൻ കല്ലൂർ കേശവൻ കുറ്റപ്പെടുത്തി. അന്നത്തെ ഇരകളിൽ ഇരുപത് പേർക്ക് ഭൂമി നൽകാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനം എടുത്തതോടെയാണ് റവന്യൂ ഭൂമി സംരക്ഷണ സമിതി രൂപീകരിച്ച് കോടതിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ ഭൂമി സംരക്ഷണ സമിതി ഉന്നയിച്ച വാദഗതികൾ വനം വകുപ്പിലെ കച്ചവട ലോബിയുടെ താൽപ്പര്യത്തിനുള്ളതാണ്.

നാല്പത് വർഷം മുമ്പ് ഭൂമി നൽകാതെ പട്ടയം തന്ന് കബളിപ്പിച്ച ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ പുതിയ മുഖമാണ് വനപാലകരുടെ പുതിയ ഭാഷ്യത്തിൽ കാണുന്നത്.

കിടങ്ങനാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 13ൽ പെട്ട സർവ്വേ നമ്പർ 60ലെ നാല് ഏക്കർ ഭൂമി മാത്രമാണ് പഴയ ഭൂരഹിതരുടെ അവകാശികളായ ഇരുപത് കുടുംബങ്ങൾക്ക് നൽകാൻ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മുൻകൈ എടുത്ത് ഇപ്പോൾ നടപടിയായത്. ഇത് അട്ടിമറിക്കാനാണ് സമിതി ശ്രമിക്കുന്നത്.
ഇരുളത്ത് മിച്ചഭൂമിയിൽ താമസിക്കുന്ന സ്വകാര്യ വ്യക്തികൾക്ക് ഗവൺമെന്റ് ഭൂമി പതിച്ചു കൊടുക്കുന്നുവെന്നാണ് കോടതിയെ ധരിപ്പിച്ചത്. നാല് പതിറ്റാണ്ട് മുമ്പ് പട്ടയം ലഭിച്ചതല്ലാതെ ഒരു സെന്റ് ഭൂമിപോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കേശവൻ വ്യക്തമാക്കി.

ഇത്തരം കള്ള പ്രചാരണത്തിലൂടെ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളെ ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. പൊതുവായ വികസന ആവശ്യങ്ങൾക്ക് ചെതലയത്ത് ആവശ്യത്തിന് ഇനിയും ഗവൺമെന്റ് ഭൂമി ഉണ്ടന്ന വസ്തുതയും ഇവർ മറച്ചുവെയ്ക്കുകയാണ്.

പൊതു താത്പര്യത്തിന്റെ പേരിൽ കോടതിയെ സമീപിച്ച ചിലരുടെ കച്ചവടത്തിനും മരം വ്യാപാരത്തിനും ഇടത്താവളമായി ഉപയോഗിക്കുന്ന ഭൂമി നഷ്ടമാകുമെന്ന വേവലാതിയാണ് സർക്കാർ നടപടിക്കെതിരെ നീങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്.