സുൽത്താൻ ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കാനുള്ള മേൽപ്പാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തോടും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തോടും ചർച്ച നടത്തി 6 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
കേരള സർക്കാരും നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റിയും സമർപ്പിച്ച അപ്പീലിലാണ് ഈ ഉത്തരവ്. മേൽപ്പാല പദ്ധതിക്ക് തങ്ങൾ അനുകൂലമാണെന്നും ചെലവിന്റെ പകുതി നൽകാമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് കേരള സർക്കാരും ചെലവിന്റെ പകുതി നൽകാമെന്ന് ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും കേരള സർക്കാരും സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ച് പദ്ധതിക്ക് അനുമതി നൽകണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മറ്റിയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്റെ രണ്ടു വകുപ്പുകൾ തമ്മിൽ പദ്ധതിക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായി അഡ്വക്കേറ്റ് ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. തുടർന്നാണ് രണ്ടു മന്ത്രാലയങ്ങളോടും ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
ആക്ഷൻ കമ്മറ്റിക്കുവേണ്ടി സീനിയർ അഭിഭാഷകൻ റിട്ട. ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, പി.എസ്.സുധീർ എന്നിവർ ഹാജരായി.
ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരള സർക്കാർ തീരുമാനിച്ചിരിന്നുവെങ്കിലും തീരുമാനം സുപ്രീംകോടതിയെ അറിയിക്കാൻ വൈകിയതിനെത്തുടർന്ന് ആക്ഷൻ കമ്മറ്റി ഇതിനായി ഇടപെട്ടുവരികയായിരുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ചെലവിന്റെ പകുതി വഹിക്കാൻ തയ്യാറാവുകയാണ് എന്നാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുള്ളത്. ഇതോടെ മേൽപ്പാല പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ മാറിക്കഴിഞ്ഞു. ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യമുള്ളത്. അനുമതിക്കു വേണ്ടി ഇതുവരെ ആരും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. പലരും പ്രചരിപ്പിക്കുന്നതു പോലെ 50000 മരങ്ങൾ ഈ പദ്ധതിക്കായി മുറിക്കേണ്ട ആവശ്യമില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി കേരള സർക്കാർ ചർച്ച നടത്തുകയും കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള അപേക്ഷ സമർപ്പിക്കുകയും വേണം. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
അഡ്വ: ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ: പിവേണുഗോപാൽ, വിമോഹനൻ, എം.എ.അസൈനാർ, പി.വൈ.മത്തായി, മോഹൻ നവരംഗ്, റാം മോഹൻ, ഫാ:ടോണി കോഴിമണ്ണിൽ, ജോയിച്ചൻ വർഗ്ഗീസ്, ജോസ് കപ്യാർമല, നാസർ കാസിം, സംഷാദ്, ജേക്കബ് ബത്തേരി, ഇ.പി.മുഹമ്മദാലി എന്നിവർ സംസാരിച്ചു.