tiger
കെണിയിൽ കുടുങ്ങിയ പുലി

മേപ്പാടി:പെൺ പുലി കെണിയിൽ കുടുങ്ങി.താഴെ അരപ്പറ്റ മൂന്നാം നമ്പർ തേയില തോട്ടത്തിലാണ് മൂന്ന് വയസ്സിലേറെ പ്രായം തോന്നിക്കുന്ന പെൺപുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നികൾക്ക് വേണ്ടി വാഹനത്തിന്റെ കേബിൾ ഉപയോഗിച്ച് ഒരുക്കിയ കെണിയിലാണ് പെൺപുലി കുടുങ്ങിയത്. കോഴിക്കോട് ഊട്ടി അന്തർ സംസ്ഥാന റോഡിൽ നിന്നും ഏകദേശം മുന്നൂറ് മീറ്റർ അകലെയാണ് പുലി കുടുങ്ങിയത് .ഇതിനടുത്ത് ജനവാസ കേന്ദ്രമാണ്. തുടർന്ന് സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ അരുൺ സക്കറയയുടെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയും പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.എസ്‌റ്റേറ്റിലൂടെയുള്ള ചെറിയ റോഡിന്റെ അരികിലായാണ് പുലി കുടുങ്ങിയത്. തേയില ഫാക്ടറിയിലേക്ക് ജോലിക്ക് പോകുകയായിരുന്ന എസ്‌റ്റേറ്റ് തൊഴിലാളിയാണ് ആദ്യം പുലിയെ കാണുന്നത് .

തൊഴിലാളിയെ കണ്ട ഉടനെ പുലി ചീറി എഴന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ പുലി കെണിയിൽ കുടുങ്ങിയതാണെന്നറിയാതെ തൊഴിലാളി പരിഭ്രമിച്ച് തേയില തോട്ടത്തിലൂടെ ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പരിസരം പരിശോധിച്ചപ്പോഴാണ് പുലി കെണിയിലകപ്പെട്ടതാണെന്ന് മനസ്സിലായത് . ഉടനെ ഫോറസ്റ്റധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയും ഫോറസ്റ്റ് റൈഞ്ച് ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരും മേപ്പാടി എഎസ്‌ഐ പി..കെ അബ്ബാസിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.തുടർന്ന് വെറ്ററിനറി ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചുവെങ്കിലും നിശ്ചിത സമയം കഴിഞ്ഞിട്ടും പുലി മയങ്ങാത്തതിനാൽ വീണ്ടും മയക്കുവെടിവെച്ച് മയക്കിയതിന് ശേഷം ഫോറസ്റ്റു ഉദ്യോഗസ്ഥർ കൊണ്ടുവന്ന കൂട്ടിൽ കയറ്റി വൈത്തിരി വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. മൂന്ന് വയസ്സിലേറെ പ്രായമുള്ള പുലി വളരെ ശക്തിയുള്ളതും നല്ല ആരോഗ്യമുള്ളതുമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഒരു മാസം മുമ്പ് കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയകുമാരിയുടെ വളർത്തുനായയെ പുലി പിടിച്ചിരുന്നു ഇപ്പോൾ പുലി കുടുങ്ങിയ സ്ഥലത്ത് നിന്ന് അമ്പത് മീററർ ദൂരമെ വിജയകുമാരിയുടെ വീടുമായി അകലമുള്ളൂ.