എടച്ചേരി: സ്‌കൂളുകളിലെ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നാദാപുരം ഉപജില്ലയിൽ ഗ്രീൻ അംബാസിഡർമാർ സജ്ജരായി. നാദാപുരം ഉപജില്ലയിലെ ഗ്രീൻ അംബാസിഡർ മാർക്കുള്ള ശില്പശാല നാദാപുരം ഗവൺമെൻറ് യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രീൻ അംബാസിഡർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച തോറും ഹരിത ദിനമായി സ്‌കൂളുകളിൽ ആചരിക്കും. വിവിധ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സ്‌കൂളിലെ ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കാൻ ഇവർ നേതൃത്വം നൽകും. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്‌കൂളുകളിൽ ഉണ്ടാക്കിയിരിക്കുന്ന മിനി എം.ആർ.എഫിൽ സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സംസ്‌കരിക്കാനായി കൈമാറും. പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസുകളായി സ്‌കൂളുകളെ പ്രഖ്യാപിക്കും.
പരിശീലനത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ സുരേഷ്കുമാർ നിർവഹിച്ചു. ഗ്രീൻ അംബാസഡർമാർക്കുള്ള ഐഡൻറിറ്റി കാർഡ് വിതരണവും നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സേവ് ജില്ലാ കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ബി.പി.ഒ സി.എച്ച് പ്രദീപൻ, എച്ച്.എം. ഫോറം കൺവീനർ പി.രാമചന്ദ്രൻ, സുരേഷ് സുബ്രഹ്മണ്യം, അബ്ദുള്ള സൽമാൻ, പിസി മൊയ്തു, പി ദൃശ്യ, സിപി വിനോദൻ തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയ്ക്ക് ഷൗക്കത്ത് അലി എരോത്ത് നേതൃത്വം നൽകി. നാദാപുരം ഉപജില്ലയിലെ യു.പി, ഹൈ സ്‌കൂളുകളിൽ നിന്നായി ഓരോ അദ്ധ്യാപകരടക്കം 286 ഗ്രീൻ അംബാസഡർമാരും പങ്കെടുത്തു.