കൽപ്പറ്റ: കേരളം ഭരിക്കുന്നത് സർ സി പിയെ തോൽപ്പിക്കുന്ന സർക്കാരാണെന്ന് മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിൻകുട്ടി. യു.ഡി.എഫിന്റെ കലക്ട്രേറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കാളവണ്ടി യുഗത്തിലേക്ക് തിരിഞ്ഞുനടക്കുകയാണ്. മോദി പഠിച്ച കോളേജിൽ നിന്നാണ് പിണറായി വിജയൻ ഡിഗ്രിയെടുക്കാൻ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ സി പി എമ്മും ബി ജെ പിയും വിശ്വാസങ്ങളെ തകർക്കാൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു പരിഗണനയും കിട്ടാത്ത അമിത്ഷായ്ക്ക് സംസ്ഥാന സർക്കാർ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. എന്നാൽ വനിതാ മതിലിന് ക്രിസ്ത്യൻ,മുസ്ലീം സംഘടനകളെ ക്ഷണിക്കാൻ സർക്കാർ തയ്യാറായില്ല.
പ്രളയത്തെ തുടർന്ന് കോടിക്കണക്കിന് രൂപയാണ് സാധാരണക്കാരായ ആളുകളടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. എന്നാൽ ഇപ്പോഴും പതിനായിരം രൂപ പോലും നഷ്ടപരിഹാരം കിട്ടാത്തവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയകാലത്ത് സംസ്ഥാനത്തെത്തിച്ച ലോഡ് കണക്കിന് ഭക്ഷണസാധനങ്ങൾ യഥാസമയം നൽകാനാവാതെ നശിച്ചു. തൃശിനാപ്പള്ളിയിൽ നിന്ന് കഴിഞ്ഞയിടെ പിടിച്ചെടുത്തത് കേരളത്തിൽ നിന്ന് കടത്തിയ നൂറ് ലോഡ് അരിയാണ്. സർക്കാരിന് ജനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ സമയമില്ലാത്ത അവസ്ഥയാണെന്ന് മോയിൻകുട്ടി പറഞ്ഞു.
യു ഡി എഫ് കൺവീനർ എൻ ഡി അപ്പച്ചൻ സ്വാഗതം പറഞ്ഞു. ചെയർമാൻ പി പി എ കരീം അദ്ധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടി, കെ എൽ പൗലോസ്, പി വി ബാലചന്ദ്രൻ, സി പി വർഗീസ്, കെ കെ അഹമ്മദ് ഹാജി, എൻ കെ റഷീദ്, എം സി സെബാസ്റ്റ്യൻ, പി പി ആലി, അഡ്വ. ജൗഹർ, വി എ മജീദ്, കെ വി പോക്കർഹാജി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.