സുൽത്താൻ ബത്തേരി: പ്രതിദിനം മുന്നൂറിലേറെ കുട്ടികൾ ചികിൽസ തേടി എത്തുന്ന ബത്തേരി താലൂക്ക് ആശുപത്രിയിൽ ശിശുരോഗ ചികിൽസാ വിഭാഗം നിലച്ചു. ശിശു പരിശോധനാ കേന്ദ്രം ഒരു കിലോമീറ്റർ ദൂരെയുളള പുതിയ ബ്ലോക്കിലേക്ക് മാറ്റിയതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി ശിശു രോഗ ചികിൽസ താളം തെറ്റിയത്.
ആശുപത്രി മാനേജ്മെന്റോ സൂപ്രണ്ടോ അറിയാതെ രണ്ട് ഡോക്ടർമാർ ഏകപക്ഷീയമായി ഈ മാറ്റം വരുത്തിയതെന്ന് ആരോപണമുണ്ട്. പുതിയമാറ്റം വന്നതോടെ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തോട് ചേർന്ന പഴയ കെട്ടിടത്തിലാണ് കുട്ടികളുടെ വാർഡും നിലവിലുളളത്. ഡോക്ടറെ കാണാൻ കുട്ടികളേയും കൊണ്ട് ഒരു കിലോമീറ്റർ ദൂരത്തിലേക്ക് ഒാട്ടോ റിക്ഷ വിളിച്ച് പോകേണ്ട അവസ്ഥ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
എക്സ്റേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചാലും പഴയ ബ്ലോക്കിലെത്തി വീണ്ടും ഓട്ടോ വിളിച്ച് പോയാലെ ഡോക്ടറെ കാണാൻ പറ്റൂ.പലപ്പോഴും എക്സ്റേ കിട്ടി തിരിച്ച് എത്തുമ്പോഴേക്ക് ഒ.പി കഴിഞ്ഞ് ഡോക്ടർ മടങ്ങിയിട്ടുണ്ടാകും.
സ്വകാര്യ ആശുപത്രികളിൽ പോകാൻ നിവൃത്തിയില്ലാത്തവർ ചികിസൽസ തേടി എത്തുന്ന സർക്കാർ ആശുപത്രിയിൽ ഇത്തരക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് ഈ മാറ്റമെന്ന് നാട്ടുകാർ പറയുന്നു.
കിടത്തി ചികിൽസയ്ക്ക് വരുന്ന കുട്ടികളും ചികിൽസാ രേഖകൾ പഴയ ബ്ലോക്കിലും ഡോക്ടർ ദൂരെയായതും പലപ്പോഴും മരുന്നു നൽകുന്നതിലെ ക്രമത്തിലുണ്ടാകുന്ന മാറ്റവും സമയത്ത് അറിയാതെ പോവുകയാണ്. പഴയ കെട്ടിടത്തിലെ പ്രസവ വാർഡിൽ നവജാത ശിശുക്കൾക്കായുളള അത്യാഹിത വിഭാഗവും മാറിയ ഡോക്ടർമാരെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ ഏതെങ്കിലും ഒരു ശിശുവിന് അടിയന്തിര വൈദ്യസഹായം കിട്ടണമെങ്കിൽ ഡോക്ടർ എത്താൻ വൈകുമെന്ന അവസ്ഥ സ്ഥിതി സങ്കീർണ്ണമാക്കും. റോഡിലെ ഗതാഗത കുരുക്കിൽ കുടുങ്ങി പോലും ഡോക്ടർ എത്താൻ വൈകുന്നതും നവജാത ശിശുക്കളുടെ മരണത്തിന് കാരണമാകുമെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. സാധാരണക്കാരെ ദ്രോഹിക്കുന്നതും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന ഈ പരിഷ്‌ക്കാരത്തിന് ശ്രമിച്ചവരുടെ പേരിൽ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.