സുൽത്താൻ ബത്തേരി: പരമ്പരാഗത കാർഷിക വിത്തുകൾക്കുളള അവകാശം കർഷകന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് കർഷക കൂട്ടായ്മയായ ഫയർട്രേഡ് അലയൻസ് കേരളയുടെ എട്ടാമത് വിത്തുൽസവം ഇന്ന് തുടങ്ങും. ജനുവരി 28 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ആറായിരത്തോളം തനത് വിത്തുകളും നാടൻ കന്നുകാലി ഇനങ്ങളേയും പരിചയപ്പെടാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇല്ലാതായിക്കൊണ്ടിരിക്കുന്ന 136 നെൽവിത്തിനങ്ങളും മേളയിൽ ഉണ്ടാകും.76 സ്റ്റാളുകളും അഞ്ച് വിത്തു ബാങ്കുകളുമാണ് ഒരുക്കിയിട്ടുളളത്. കർഷകർക്ക് ആശ്വാസമെത്തിക്കുന്ന ഫാർമേഴ്സ് ക്ലിനിക്കും വിത്തുൽസവത്തിലുണ്ടാകും.

കാർഷിക മേഖലയിലേക്കുളള കുത്തകകളുടെ കടന്നുവരവും പ്രളയകെടുതിയും മൂലം നട്ടം തിരിയുന്ന കർഷകരെ അതിജീവനത്തിന് പ്രാപ്തരാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. പഠനക്ലാസ്സുകളും സിമ്പോസിയങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ തോമസ് കളപ്പുര,ജോസഫ് കുളത്തുങ്കൽ,പി.എം.രാജൻ,എ.കെ.ജോൺ എന്നിവർ പങ്കെടുത്തു.