കൽപ്പറ്റ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സ്വന്തമായി വീട് ഇല്ലാത്തവരുമായ 25 കുടുബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിക്ക് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു. സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എന്ന ഏജൻസിയാണ് അവരുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു 50 ലക്ഷം രൂപ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് നൽകിയത്. വിധവകൾ, മാരകമായ രോഗം ബാധിച്ചവർ, അംഗ പരിമിതി ഉള്ളവർ തുടങ്ങിയവർക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ആദ്യ ഘട്ടം പൂർത്തിയായി. സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.മാർഷൽ മേലേപ്പള്ളി, സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ കൂട്ടാല, കോ ഓർഡിനേറ്റർമാരായ സിസ്റ്റർ അനിലിറ്റ്, ലിൻറ്റോ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള പരിശോധന നടത്തുന്നുണ്ട്. അഞ്ചു മാസം കൊണ്ട് മുഴുവൻ വീടുകളും പൂർത്തിയാക്കുവാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.