പേരാമ്പ്ര: പന്തിരിക്കര കോക്കാട്ട് വീടുകൾക്ക് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. സി.പി.എം നേതാവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ കെ.പി ജയേഷിന്റ വീടിന് നേരെ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സ്‌ഫോടകവസ്തു എറിത്തത്. വീടിന്റെ വാതിലും ജനലും തറയും തകർന്നു. രണ്ട് ദിവസം മുമ്പ് വിവാഹ വീട്ടിൽ നടന്ന അക്രമ സംഭവത്തിൽ പരിക്കേറ്റ ജയേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പെരുവണ്ണാമൂഴി പൊലിസ് എത്തി പരിശോധന നടത്തി കേസെടുത്തു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബി.ജെ.പി പ്രവർത്തകനായ കോക്കാട്ട് ശ്രീധരന്റെ ഓട് മേഞ്ഞ വീടിനു നേരെ ആക്രമണം നടന്നത്. വീടും ഫർണിച്ചറുകളും അടിച്ചു തകർത്ത സംഘം ശ്രീധരനെയും അമ്മ ജാനുവിനെയും ഭാര്യ ചന്ദ്രികയെയും മർദ്ധിക്കുക്കുകയായിരുന്നുവെന്നാണ് പരാതി. ഇവർ പേരാമ്പ്ര ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരന്റെ മകൻ ആർഎസ്എസ് പ്രവർത്തകനാണ്. മേഖലയിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പന്തിരിക്കര മേഖലയിൽ കുറെ നാളുകളായി സി.പി.എം-ബി.ജെ.പി അസ്വാരസ്യവും നിലനിൽക്കുന്നുണ്ട്.