ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ നിർബന്ധം
വിവാഹ ഹാളുകളിലെ ഭക്ഷണ വിതരണത്തിനും രജിസ്‌ട്രേഷൻ വേണം
പിടിക്കപ്പെട്ടാൽ ആറ് മാസം തടവും അഞ്ചു പിഴയും
മാനന്തവാടി: ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേർച്ച ഭക്ഷണം മുതലായ ഭക്ഷണ പദാർത്ഥങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ എടുത്തിരിക്കണമെന്ന സർക്കാർ നിയമം ജില്ലയിലും കർശനമാക്കുന്നു.
ഫെബ്രുവരി 28 ഓടെ ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്ന മുഴുവൻ കൃസ്ത്യൻ, മുസ്ലിം പള്ളികൾ, ഹൈന്ദവക്ഷേത്രങ്ങൾ എന്നിവ മാനദണ്ഡം പാലിച്ചു മാത്രമെ ഭക്ഷ്യപദാർത്ഥങ്ങൾ വിതരണം ചെയ്യാവൂ എന്ന് ഫുഡ് സേഫ്ടി വിഭാഗം മുന്നറിയിപ്പ് നൽകി. ആരാധനാലയങ്ങൾ വഴിയുള്ള ഭക്ഷണ പദാർത്ഥ വിതരണം പൂർണ്ണമായും ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 ജില്ലയിലും ഫലപ്രദമായി നടപ്പിലാക്കുന്നത്.
ആരാധനാലയങ്ങളോടനുബന്ധിച്ചുള്ളതും അല്ലാത്തതുമായ വിവാഹം മുതലായവ നടത്തുന്ന ഹാളുകൾ ഭക്ഷണ വിതരണം നടത്തുന്നതിനായി വിട്ടു നൽകുമ്പോൾ ഇവിടെ ഭക്ഷണ വിതരണം നടത്തുന്ന കാറ്ററിംഗ് വിഭാഗമോ വ്യക്തികളോ ഏജൻസികളോ ഫുഡ് സേഫ്ടി രജിസ്ട്രഷൻ എടുത്തവരാണെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം ഭക്ഷ്യവിഷബാധ പോലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്ഥാപന ഉടമ ഉത്തരവാദിയായിരിക്കുമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി ജെ വർഗ്ഗീസ് അറിയിച്ചു. ഇത്തരത്തിൽ പരിശോധനയിൽ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാത്തവർ ഭക്ഷണ വിതരണം നടത്തുന്നത് പിടിക്കപെട്ടാൽ ആറ് മാസം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയുമീടാക്കുന്ന വകുപ്പുകൾ പ്രകാരം കേസ് ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.