ജനവാസ കേന്ദ്രത്തിലിറങ്ങുന്ന

ആനയെ പിടികൂടാനായില്ല
സുൽത്താൻ ബത്തേരി: റേഡിയോകോളർ ഘടിപ്പിച്ച് വനത്തിൽവിട്ട വടക്കനാട് കൊമ്പൻ വീണ്ടും വടക്കനാട് തന്നെ തിരിച്ചെത്തി ഒരു മാസം പിന്നിട്ടിട്ടും ആനയെ പിടികൂടി ഇവിടെ നിന്ന് മാറ്റാൻ വനം വകുപ്പിനായില്ല. തമിഴ്നാട്ടിൽ നിന്ന് കുങ്കിയാനകളെ കിട്ടാത്തതിനാലാണ് വടക്കനാട് കൊമ്പനെ പിടിക്കാൻ വൈകുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
ഒരു വനംവകുപ്പ് വാച്ചറെ കൊലപ്പെടുത്തുകയും, വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്തതോടെയാണ് വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് വിട്ടത്. കർണാടക വനത്തിൽ രണ്ട് മാസത്തോളം കഴിഞ്ഞ കൊമ്പൻ കഴിഞ്ഞ മാസം 25-നാണ് വീണ്ടും വടക്കനാട് പ്രദേശത്ത് തിരിച്ചത്തിയത്. കൊമ്പൻ വീണ്ടും കർഷകരുടെ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുകയും കർഷകരുടെ ജീവന് ഭീഷണിയാവുകയും ചെയ്തു. ഇതോടെ വടക്കനാട് നിവാസികൾ വീണ്ടും സമരവുമായി രംഗത്തിറങ്ങി. വനം വകുപ്പ് വീണ്ടും ആനയെ പിടിക്കാൻ നിർബന്ധിതരായെങ്കിലും മൂന്ന് ആനകളുടെ കൂടെ കഴിയുന്ന വടക്കനാട് കൊമ്പനെ പിടികൂടുക ശ്രമകരമായിരുന്നു. കുങ്കിയാനകളുടെ സഹായമില്ലാതെ കൊമ്പനെ പിടികൂടാൻ കഴിയില്ല. തമിഴ്നാട്ടിലെ മുതുമലയിൽ നിന്ന് കുങ്കിയാനയുടെ സേവനം തേടിയെങ്കിലും കുങ്കിയാനകൾ കോയമ്പത്തൂരിൽ ശല്യക്കാരായ കാട്ടാനകളെ മെരുക്കുവാൻ പോയതാണ്. കോയമ്പത്തൂരിലെ ദൗത്യം പൂർത്തീകരിക്കണമെങ്കിൽ മാസങ്ങൾ വേണ്ടിവരുമെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്.

കർണാടകയിൽ നിന്ന് കുങ്കിയാനകളെ കിട്ടാനുണ്ടെങ്കിലും ക്യാബിനറ്റ് പാസാക്കാതെ ആനയെ വിട്ടുകിട്ടുകയില്ല. ഇതിനും കാലതാമസം വരും.
വടക്കനാട് കൊമ്പന്റെ ഒപ്പം മൂന്ന് ആനകളും ഇവയ്ക്ക് പുറമെ ഒരു ചുള്ളികൊമ്പനും ഒരു മുട്ടികൊമ്പനും അടക്കം ആറ് ആനകളാണ് വടക്കനാട് -വള്ളുവാടി പ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.
എട്ട് മാസം മുമ്പാണ് വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ തന്നെ വിട്ടത്.

റേഡിയോകോളർ ഘടിപ്പിച്ചതോടെ ആനയുടെ ഓരോ നീക്കവും വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തോളം കർണാടക വനത്തിൽ കഴിഞ്ഞു വന്ന കൊമ്പൻ വടക്കനാട് എത്തിയിട്ട് ഇന്നേക്ക് ഒരു മാസമായി.
ശല്യക്കാരായ ആനകളെ റേഡിയോ കോളർ ഘടിപ്പിച്ച് അവയുടെ നീക്കം നിരീക്ഷിച്ചുവരുന്ന കോളർ ടെസ്റ്റ് ഇത് എട്ടാമത്തെ ആനയ്ക്കാണ് ഘടിപ്പിക്കുന്നത്.

ഇപ്പോൾ വടക്കനാട് കൊമ്പൻ മാത്രമാണ്‌ കോളറുമായി കാട്ടിലുള്ളത്. ആനയുടെ നീക്കം സാറ്റലൈറ്റ് ലിങ്ക് വഴിയായത് കാരണം എത്ര ദൂരെയാണെങ്കിലും സിഗ്നൽ ലഭിക്കും. അഞ്ച് വർഷം വരെ റേഡിയോ കോളർ ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കും.