ranji

കൃഷ്ണഗിരി(വയനാട്): രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് വിദർഭ തടയിട്ടു. കൃഷ്ണഗിരി സ്റ്റേഡിയം വേദിയായ സെമിഫൈനൽ പോരാട്ടത്തിൽ പേസർ ഉമേഷ് യാദവിന്റെ ബൗളിംഗ് കരുത്തിൽ കേരളത്തെ ഇന്നിംഗ്സിനും 11 റൺസിനും കീഴടക്കി വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. വെറും രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിച്ചു. കഴിഞ്ഞ സീണിലും കേരളത്തിന്റെ കുതിപ്പിന് ക്വാർട്ടറിൽ തടയിട്ടത് വിദർഭയായിരുന്നു. ഇത്തവണ ചരിത്രത്തിലാദ്യമായി രഞ്ജി സെമിയിലെത്തിയ കേരളം ഇന്റർനാഷണൽ താരം ഉമേഷ് യാദവ് നയിച്ച വിദർഭയുടെ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ കീഴടങ്ങുകയായിരുന്നു. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ്‌ നേടി മത്സരത്തിൽ ആകെ 12 വിക്കറ്റ്‌നേടിയ ഉമേഷ് യാദവാണ് കളിയിലെ കേമൻ. സ്കോർ: കേരളം 106/10, 91/10.വിദർഭ 208/10.

അഞ്ചിന് 171 എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച വിദർഭയെ 37 റൺസ് കൂടി എടുക്കുന്നതിനിടയിൽ കൂടാരം കയറ്റി കേരളം രണ്ടാം ദിനത്തിൽ പ്രതീക്ഷ നൽകിയിരുന്നു. കേരളത്തിനായി സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ്‌നേടി. ബേസിൽ മൂന്നും നിധിഷ് രണ്ടു വിക്കറ്രും വീഴ്ത്തി. എന്നാൽ 102 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 91 റൺസിന് ആൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 29 ഓവറിലാണ് കേരളം തകർന്നതെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ 25 ഓവറിൽ പത്തിമടക്കി.
രണ്ടാം ഇന്നിംഗ്സിൽ ജലജ് സക്സേന (7) പുറത്തായ ശേഷം അരുൺ കാർത്തികും ( 36) വിഷ്ണു വിനോദും (15) അല്പനേരം പിടിച്ചു നിന്നെങ്കിലും ഈ കൂട്ടുകെട്ട് തകർന്നതോടെ കേരളത്തിന്റെ തകർച്ച തുടങ്ങുകയായിരുന്നു. ജലജ് സക്‌സേന(7)യുടെ വിക്കറ്റ്‌നേടി ഉമേഷ് യാദവ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ടീം സ്കോർ 59ൽ വച്ച് വിഷുണു (15)വിനെ ക്ലീൻബൗൾഡാക്കി ഉമേഷ് രണ്ടാം വിക്കറ്റും നേടി. 59 ൽ വച്ച് മുന്നുവിക്കറ്റുകളാണ്‌ കേരളത്തിന് നഷ്ടമയാത്. ആറു റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾകൂടിയും നഷ്ടമായി. വിഷ്ണുവിന് പിന്നാലെ 36 റൺസെടുത്ത അരുൺ കാർത്തികും പുറത്തായി. തുടർന്ന് മുഹമ്മദ് അസ്ഹറുദ്ദിനെ(1) ഉമേഷ് പുറത്താക്കി. ഇല്ലാത്ത റൺസിനോടി ക്യാപ്‌ടൻ സച്ചിൻബേബി പൂജ്യനായി മടങ്ങി. വിനൂപ് മനോഹറിനെ(5)യും രാഹുലിനെ(0)യും സിജോമോൻജോസഫിനെയും പുറത്താക്കി യഷ് താക്കൂർ വിക്കറ്റ് നേട്ടം നാലാക്കി. ബേസിലിനെ(2)യും നിധിഷീനെ(3) പുറത്താക്കി ഉമേഷ് കേരളത്തിന്റെ തകർച്ച പൂർണമാക്കി.