fish
സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എരുമത്തെരുവിലെ മത്സ്യ മാംസ മാർക്കറ്റിൽ പരിശോധന നടത്തുന്നു

മാനന്തവാടി: ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ എരുമത്തെരുവിലുള്ള മത്സ്യ മാംസ മാർക്കറ്റിൽ പരിശോധന നടത്തി.മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന പരാതികളെ തുടർന്ന് സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ സബ്ബ് കളക്ടർ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് അടച്ച് പൂട്ടണമെന്ന് നഗരസഭയ്ക്ക് ഉത്തരവ് നൽകുകയും നഗരസഭ ജീവനക്കാരെത്തി മാർക്കറ്റ് പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ മത്സ്യ വ്യാപാരിയായ എരുമത്തെരുവ് ചോലയിൽ സി ഉസ്മാൻ ഹൈക്കോടതിയിൽ ഹർജി നൽകുകയും 15 ദിവസത്തേക്ക് ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തു. സ്‌റ്റേ കാലാവധി കഴിഞ്ഞതോടെ കേസ് ഹൈക്കോടതി സബ്ബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് തിരിച്ച് അയയ്ക്കുകയും ഒരു മാസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഉത്തരവ് നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്.

നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോഴി കടകൾ,പന്നി വിൽപ്പനശാല, സമീപത്തെ ലോഡ്ജുകൾ എന്നിവിടങ്ങളിൽ സബ്ബ് കളക്ടറും സംഘവും രേഖകൾ പരിശോധിക്കുകയും ചെയ്തു. മാർക്കറ്റിൽ നിന്നുള്ള മലിന ജലം ഒഴുകിയെത്തി കെട്ടി കിടക്കുന്ന സ്ഥലവും അദ്ദേഹം നേരിൽ കണ്ടു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് സബ്ബ് കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

മാനന്തവാടി താഹസിൽദാർ എൻ ഐ ഷാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ രേണുക, ഡെപ്യൂട്ടി ഡി എം ഒ നൂന മർജാൻ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി: എക്‌സി: എൻജിനിയർ സി എസ് അജിത്, അസി. എൻജിനിയർ സി എച്ച് റഫീഖ്, നഗരസഭ സെക്രട്ടറി ഇൻ ചാർജ് ജയചന്ദ്രൻ, പൊലൂഷൻ കൺട്രോൾ ബോർഡ് അസി: എൻജിനിയർ അഖിൽ, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരും സബ്ബ് കളക്ടറോടൊപ്പമുണ്ടായിരുന്നു.