സുൽത്താൻ ബത്തേരി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളാട്ടുകൾക്ക് അവതരണാനുമതി നിഷേധിച്ച കേന്ദ്ര ഗവൺമെന്റ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഒരുക്കുന്ന ചരിത്ര വഴിയിലെ കേരളം എന്ന സാംസ്‌ക്കാരിക സംഗമം ഇന്ന് നാലുമണിക്ക് ബത്തേരിയിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളീയ നവോഥാനത്തിന്റെ വിവിധ ഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്ന ആറ് ഫ്‌ളോട്ടുകളുടെ അവതരണമാണ് നടക്കുക.ഡി.വൈ .എഫ് യുടെ ആറ് ബ്ലോക്ക് കമ്മിറ്റികളാണ് ഫ്‌ളോട്ടുകൾ ഒരുക്കുന്നത്. ചരിത്രത്തിലെ നാഴിക കല്ലുകളായ 1888ലെ അരുവിപുറം പ്രതിഷ്ഠ,സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനം.1917ലെ സഹോദരൻ അയ്യപ്പനും സംഘവും നടത്തിയ മിശ്രഭോജനം,1924ലെ വൈക്കം സത്യാഗ്രഹം,അയ്യങ്കാളിയുടെ നേതൃത്വത്തിൽ പഞ്ചമി എന്ന പെൺകുട്ടിക്ക് വിദ്യാലയപ്രവേശനം സാധ്യമായത്,പ്രാകൃത ആചാരമായ മുലക്കരത്തിൽ പ്രതിഷേധിച്ച് മുലയറുത്ത് രക്ത സാക്ഷിത്വം വരിച്ച നങ്ങേലി എന്നിവയാണ് അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങൾ. വൈകുന്നേരം നാലുമണിക്ക് അസംപഷൻ ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന റാലി കോട്ടകുന്നിൽ സമാപിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ചരിത്രകാരൻ ഒ.കെ ജോണി അദ്ധ്യക്ഷനാകും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്,എം.വി.വിജേഷ്,ലിജോജോൺ എന്നിവർ പങ്കെടുത്തു.