കോഴിക്കോട്: ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്വകാര്യ ഏജൻസിയെ വച്ച് നടത്തിയ സ്ഥാനാർത്ഥി സർവേയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഒന്നാമതെത്തി.
ശബരിമല സമരത്തിൽ ജയിൽവാസം അനുഭവിച്ചതാണ് സുരേന്ദ്രനെ പാർട്ടിപ്രവർത്തകർക്ക് കൂടുതൽ പ്രിയങ്കരനാക്കുന്നത്. സുരേന്ദ്രനൊഴികെ ഒരു ബി.ജെ.പി നേതാവും സന്നിധാനത്ത് സമരത്തിന് നേതൃത്വം നൽകിയിരുന്നില്ല. പാർട്ടി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള പത്തനംതിട്ടയ്ക്ക് അപ്പുറം പോകാത്തത് പ്രവർത്തകരിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. അതും സർവേ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
പാർട്ടി സംസ്ഥാന ഘടകം അറിയാതെയാണ് ഐ.ടി പ്രൊഫഷണലുകളും ജെ.എൻ.യു, ഡൽഹി യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാരും അടങ്ങുന്ന സ്വകാര്യ ഏജൻസി സംസ്ഥാനത്ത് സർവേ നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ സർവേയുടെ റിപ്പോർട്ട് ഏജൻസി പാർട്ടി അദ്ധ്യക്ഷൻ അമിത്ഷായ്‌ക്ക് കൈമാറിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ സർവേ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവും അമിത്ഷാ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ ബി.ഡി.ജെ.എസിന് കൊടുക്കേണ്ട സീറ്റുകൾ ധാരണയായിരുന്നു. എന്നാൽ ബി. ജെ. പി സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം ഈ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും. ആറ്റിംങ്ങൽ, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകാനാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നത്. തൃശൂരിന് വേണ്ടി ബി.ഡി.ജെ.എസ് കടുംപിടുത്തം നടത്തിയാൽ വിട്ടുകൊടുക്കണമെന്നാണ് ശ്രീധരൻ പിള്ളയുടെയും കൃഷ്ണദാസ് പക്ഷത്തിന്റെയും നിലപാട്.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കെ. സുരേന്ദ്രന്റെ പ്രവർത്തനമേഖലയും അദ്ദേഹം ശ്രദ്ധിക്കുന്ന മണ്ഡലവുമായ തൃശൂർ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് മുരളീധരപക്ഷം. പാർട്ടിക്ക് ഏറ്റവും സാദ്ധ്യതയുള്ള തിരുവനന്തപുരത്ത് സെൻകുമാറിനെ മത്സരിപ്പിക്കാനായിരുന്നു ആർ.എസ്.എസിന് താത്പര്യമെങ്കിലും നമ്പിനാരായണന് പത്മഭൂഷൺ നൽകിയതിനെതിരായ അദ്ദേഹത്തിന്റെ പ്രതികരണം ദേശീയ നേതൃത്വത്തിന് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മത്സരിക്കാനാണ് ശ്രീധരൻ പിള്ളയ്‌ക്ക് താത്പര്യമെങ്കിലും തലസ്ഥാനത്ത് സുരേന്ദ്രൻ മത്സരിക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് എൻ.എസ്.എസ്. നിലവിലെ സാഹചര്യത്തിൽ എൻ.എസ്.എസിന്റെ പിന്തുണ ഉറപ്പാണെന്നും സുരേന്ദ്രൻ സ്ഥാനാർത്ഥിയായാൽ ഈഴവ വോട്ടും താമരയ്ക്ക് പതിയുമെന്നും സർവേ പറയുന്നു. ശബരിമല കർമ്മസമിതിയുടെ അയ്യപ്പസംഗമത്തിൽ അയ്യപ്പനുവേണ്ടി ഏറ്റവും കൂടുതൽ ദിവസം ജയിലിൽ കിടന്ന സുരേന്ദ്രനെ പങ്കെടുപ്പിക്കാതിരുന്നതിനെതിരെയും വികാരം ശക്തമാണ്.