കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ച മീനങ്ങാടി അനുപമയിൽ കുമാരൻമാസ്റ്റർ (85) നിര്യാതനായി. കൂത്തുപറമ്പിൽ നിന്ന് അദ്ധ്യാപകനായാണ് അദ്ദേഹം മീനങ്ങായിയിലെത്തിയത്. 22 വർഷം മീനങ്ങാടി ഗവ. സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഒരുകാലത്ത് മാനേജ്‌മെന്റിന് കീഴിലായിരുന്ന സ്‌കൂളിന് സ്ഥലം കണ്ടെത്തുന്നതിലും, പിന്നീട് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നതിലും കുമാരൻമാസ്റ്റർ പ്രധാന പങ്കുവഹിച്ചു. റിട്ടയർമെന്റിന് ശേഷം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായി ചുമതലയേറ്റതോടെ രാഷ്ട്രീയത്തിൽ സജീവമായി. 16 വർഷം മീനങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്നു. ഡി സി സി മെമ്പർ, കേരളാസ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.രണ്ട് തവണ പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ പഞ്ചായത്ത് ഭരണം യു ഡി എഫിന് നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കുമാരൻമാസ്റ്ററുടെ പ്രവർത്തനഫലമായാണ് മീനങ്ങാടിയിൽ കോൺഗ്രസിന് സ്വന്തമായി പാർട്ടിയോഫീസും, നാല് പീടികമുറികളുമുള്ള കെട്ടിടവും നിർമ്മിക്കാൻ സാധിച്ചത്. കൃഷിയിലൂടെയും കുമാരൻമാസ്റ്റർ ശ്രദ്ധേയനായി. ഗന്ധകശാലയും, അന്യം നിന്നുപോകുന്ന നിരവധി നെല്ല് വിത്തിനങ്ങളും അദ്ദേഹം കൃഷി ചെയ്തുവരുന്നുണ്ടായിരുന്നു. ഭാര്യ പരേതയായ ലീല. കെ അനൂപ് കുമാർ (റിട്ട. എൻജിനീയർ പി ഡബ്ല്യു ഡി), ഡോ. കെ അനിൽകുമാർ (ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്‌മെന്റ് കുന്ദമംഗലം), ഡോ. അനീഷ്‌കുമാർ (ആസ്റ്റർമിംസ് കോഴിക്കോട്). മരുമക്കൾ: സുജാത അനൂപ് (എൽ ഐ സി), ഡോ. ജ്യോതി അനിൽ, ഡോ. ദീപ അനീഷ്. സംസ്‌ക്കാരം നടത്തി.