കൽപ്പറ്റ: യംഗ് സ്റ്റാർ കെൽട്രോൺവളവ് നടത്തുന്ന സെവൻസ് ഫുട്‌ബോൾ മേള ഫെബ്രുവരി മൂന്ന് മുതൽ കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ നടക്കും. കമ്പളക്കാടും പരിസരത്തുമുള്ള 10 ടീമുകളാണ് ഫെബ്രുവരി 17 വരെ നടക്കുന്ന ടൂർണമെന്റിൽ മത്സരിക്കുന്നത്. ഐ.എസ്.എൽ മാതൃകയിൽ നടക്കുന്ന ടൂർണമെന്റിലെ താരങ്ങളെ ലേലത്തിലൂടെയാണ് ടീമുകൾ സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ വിജയത്തിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കണിയാമ്പറ്റ പഞ്ചായത്ത് മുൻപ്രസിഡന്റ് ഹംസ കടവൻ, ജില്ലാ പഞ്ചായത്തംഗം പി ഇസ്മയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ മോയിൻ കടവൻ, കെ.ജി സഹദേവൻ, പി.സി മജീദ്, പി.സി ഇബ്രാഹിം ഹാജി, സലീം കടവൻ, വി.പി കാസിം ഹാജി, ഷമീർ കോരൻകുന്നൻ, ജബ്ബാർ കോയണ്ണി, അഷ്റഫ് പഞ്ചാര, നാസർ, താരീഖ് കടവൻ എന്നിവർ രക്ഷാധികാരികളാണ്. ടൂർണമെന്റിനായി സൂപ്പർ കപ്പെന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഫ്ളഡ്‌ലൈറ്റ് ടൂർണമെന്റിന്റെ സ്‌റ്റേഡിയത്തിന്റെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണെന്നും സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.സി മുനീബ്, കൺവീനർ സാലിഹ് കൊളക്കാടൻ, ടി.പി ഷഫീഖ്, അജ്നാസ് എന്നിവർ പങ്കെടുത്തു.