മാനന്തവാടി: വയനാട് ജില്ലയിൽ അടുത്ത അദ്ധ്യയന വർഷത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുത്ത് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. നിലവിലെ സ്ഥലത്ത് മെഡിക്കൽ കോളേജ് പണിയാൻ സാധിക്കില്ല എന്ന ജയോളജിക്കൽ വകുപ്പിന്റെ നിർദ്ദേശമാണ് ഇപ്പോൾ മെഡിക്കൽ കോളേജിന് തടയിട്ടിരിക്കുന്നത്. പുതിയസ്ഥലം കണ്ടെത്തുന്നത് വരെ ജില്ലാ ആശുപത്രിയിലും, നല്ലൂർനാട് സി എച്ച് സി യിലും താൽകാലികമായി കോളേജിന്റെ പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളുടെ അത്യാവശ്യമായ മെഡിക്കൽ കോളേജ് അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത ഫെബ്രുവരി 2 ന് പ്രതിഷേധ പ്രകടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. രാവിലെ 10 മണിക്ക് കൽപ്പറ്റ ഡീ പോൾ ദേവാലയത്തിൽ നിന്ന് പ്രകടനം ആരംഭിക്കും.