സുൽത്താൻ ബത്തേരി: പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടാനിരിക്കുന്ന സ്കൂളിന് തിരക്കിട്ട് ചുറ്റുമതിൽ നിർമ്മിക്കുന്നു. വനംവകുപ്പ് മാറ്റിത്താമസിപ്പിക്കാൻ നടപടികൾ പൂർത്തിയാക്കിയ ആദിവാസി കോളനിയിലേക്ക് പത്തു ലക്ഷം രൂപ ചെലവിട്ട് റോഡ് നിർമ്മാണവും നടക്കുന്നു. സ്വയം സന്നദ്ധ പുനരധിവാസം നടക്കുന്ന നൂൽപ്പുഴ പഞ്ചായത്തിലെ ചെട്ട്യാലത്തൂരിലാണ് ഇത്.

ചെട്ട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ രജിസ്ട്രേഷൻ പ്രകാരം 19 കുട്ടികളാണ് ഇപ്പോൾ അവിടെയുള്ളത്. പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ടവരാണ് ഇവരെല്ലാം. ഇതിൽ പകുതി പേർ പോലും സ്കൂളിൽ എത്താറില്ല. അഞ്ച് അദ്ധ്യാപകരും രണ്ട് അദ്ധ്യാപകേതര ജീവനക്കാരുമാണ് സ്കൂളിലുള്ളത്.

ഗ്രാമത്തിലെ നൂറ് കുടുംബങ്ങൾ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വീട് പൊളിച്ച് കുടിയൊഴിഞ്ഞു കഴിഞ്ഞു. 4 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. ഈ ഗ്രാമത്തിൽ ഇനി അഞ്ച് പണിയ കുടുംബങ്ങളും ഇരുപതിൽ താഴെ കാട്ടുനായ്ക്ക കുടുംബങ്ങളും മാത്രമേ ശേഷിക്കുന്നുള്ളൂ. അവരുടെ പുനരധിവാസവും തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

അടുത്ത അദ്ധ്യയന വർഷം ഒരു വിദ്യാർത്ഥി പോലും പഠിക്കാൻ ഉണ്ടാകില്ലെന്ന് ഉറപ്പായ സ്കൂളിനാണ് ചുറ്റുമതിൽ കെട്ടുന്നതും ആൾപാർപ്പില്ലാത്ത ഗ്രാമത്തിലേക്ക് റോഡുണ്ടാക്കുന്നതും.

കഴിഞ്ഞ ഡിസംബറിൽ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെട്ട്യാലത്തൂരിൽ യാതൊരു നിർമ്മാണ പ്രവർത്തനവു നടത്താൻ പാടില്ലെന്ന് തീരുമാനിച്ചതാണ്.

ചുറ്റുമതിൽ നിർമ്മാണത്തിന് കൊണ്ടുവന്ന പെർമിറ്റില്ലാത്ത മണൽ പഞ്ചായത്തു മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് സ്കൂളിലെത്തിച്ചിരുന്നു. കോൺട്രാക്ടർ ലോബിയാണ് ചെട്ട്യാലത്തൂരിലെ അനാവശ്യ നിർമ്മാണത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.