മാനന്തവാടി: കേരള പൊലീസ് അസോസിയേഷനും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി മാനന്തവാടി വള്ളിയൂർക്കാവ് കാവുംപുര കോളനിയിൽ ഒരുക്കിയ പഠന വീട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോത്രവിദ്യാർത്ഥികൾക്ക് പി.എസ്.സി.പരിശീലനം, കോളനിയിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയൽ തുടങ്ങി ഗോത്ര വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ചാണ് പഠന വീട് ഒരുക്കിയത്. ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും മറ്റും ശേഖരിച്ച 1500 ഓളം പുസ്തകങ്ങൾ ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ പഠനവീടിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ, വാർഡ് കൗൺസിലർ ശ്രീലത കേശവൻ, മാനന്തവാടി എ.എസ്.പി.വൈഭവ് സക്‌സേന, കൽപ്പറ്റ ഡിവൈ.എസ്.പി.പ്രിൻസ് അബ്രഹാം, ജില്ലാ ലൈബ്രറി കൗൺസിൽ കെ.എം.രാഘവൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി സജീവ്, ആർ അജയകുമാർ, സദീർ തലപ്പുഴ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഊരുമൂപ്പൻ കരുണാകരനെയും ഇന്ത്യൻ ക്രിക്കറ്റ് എ ടീം അംഗം സജ്ന സജീവനെയും ആദരിച്ചു.