കോഴിക്കോട്:മാലിന്യത്തിൽ നിന്നും സ്വതന്ത്ര്യം രണ്ടാം ഘട്ട പ്രവർത്തനതിന്റെ ഭാഗമായി ഹരിത നിയമാവലി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹരിത കേരളം ജില്ലാ മിഷൻ ചെയർമാനുമായ ബാബു പറശ്ശേരി നിർവഹിച്ചു.
. ജില്ലയിലെ മുഴുവൻ കോഴി കടകളിലെ മാലിന്യവും സംസ്‌കരിക്കാൻ ആവശ്യമായ നടപടികൾ എടുത്തു . ഇതിന്റെ ഭാഗമായി എല്ലാ കോഴി കടകളിലും ഫ്രീസർ സ്ഥാപിക്കാനും ജില്ലാ അടിസ്ഥാനത്തിൽ നിയോഗിച്ച ഏജൻസിക്ക് മാത്രമേ മാലിന്യങ്ങൾ കൈമാറാൻ പാടുള്ളൂവെന്നും നിർദേശം നൽകിയിട്ടുണ്ട്. ഒരു കിലോ കോഴി മാലിന്യത്തിന് ഏഴ് രൂപ മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിത നിയമാവലി കൈപ്പുസ്തക പ്രകാശനവും മുഖ്യ പ്രഭാഷണവും ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സണുമായ എം.ആർ. അനിത നിർവഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് കൈപ്പുസ്തം പരിചയപ്പെടുത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ നിയമ നടപടി സ്വീകരിച്ച വടകര നഗരസഭ സെക്രട്ടറി കെ.യു. ബിനി അനുഭവം പങ്കുവെച്ചു. രാമനാട്ടുകര നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. സുരേഷ് ബാബു പ്രതികരണം രേഖപ്പെടുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ലീഗൽ സർവ്വീസസ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, ജനമൈത്രി പൊലീസ്, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവ ഏകോപിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഒരു വാർഡിൽ ചുരുങ്ങിയത് 100 പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യം.
രാമനാട്ടുകര വികാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.എൻ. രവികുമാർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പി.കെ. ഏലിയാമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പി.വി. അബ്ദുൾ ലത്തീഫ്, നഗരകാര്യ വകുപ്പ് റീജണൽ ജോയന്റ് ഡയറക്ടർ ഇൻചാർജ്ജ് കെ. പവിത്രൻ എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ സി. കബനി സ്വാഗതവും രാമനാട്ടുകര നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.