പേരാമ്പ്ര:കാട്ടുപന്നി കൾ തെങ്ങിൻ തൈകൾപാടെ നശിപ്പിച്ചു. പന്നി കൂട്ടം നശിപ്പിച്ച തെങ്ങിൻ തൈകൾക്കു പകരം അതേയിനത്തിൽ പെട്ട പുതിയ തൈകൾ വനം വകുപ്പ് തരണമെന്ന ആവശ്യം ഉന്നയിച്ച് കർഷകൻ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കൂട്ടുകൃഷി ഫാം രണ്ടാം ബ്ലോക്ക് ഓനിപ്പുഴയോരത്തെ കർഷകനായ തൈപ്പറമ്പിൽ ജിജിയാണു ഇന്നലെ രാവിലെസമരം നടത്തിയത്. തന്റെ കൃഷിയിടത്തിൽ രാവിലെ തൈ നനക്കാനെത്തിയപ്പോഴാണു കാട്ടുപന്നി തെങ്ങിൻ തൈ നശിപ്പിച്ചത് ജിജി കണ്ടത്.64 ഹൈബ്രീഡ് തെങ്ങിൻ തൈ നട്ടതിൽ 35 എണ്ണവും കാട്ടുപന്നി നശിപ്പിച്ചതിൽ മനംനൊന്ത് ഉടനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലത്രെ..
വിവരമറിഞ്ഞ് കർഷകസംഘടനകളുടെ നേതാക്കൾ ഫോറസ്റ്റ് ഓഫീസിലെത്തി ജിജിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. .ഫോറസ്റ്റ് ഓഫീസിൽ പ്രശ്‌ന പരിഹാരമുണ്ടാകുന്നതുവരെ സമരം തുടരുമെന്നും അറിയിച്ചു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാര തുക അനുവദിക്കാൻ നടപടി സ്വീകരിക്കാനെ നിവൃത്തിയുള്ളുയെന്നു റെയ്ഞ്ചർ അറിയിച്ചു. എങ്കിൽ സമരം ശക്തമാക്കുമെന്നു ജോയി അറിയിച്ചു. റെയ്ഞ്ചർ ഡി.എഫ്.ഒയെ വിവരങ്ങൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിണ്ടും ചർച്ച നടന്നു. കർഷകനു ഉചിതമായ നഷ്ട പരിഹാരം അടിയന്തിരമായി അനുവദിക്കാമെന്നു ഡി.എഫ് .ഒ അറിയിച്ചതായി റെയ്ഞ്ചർ നേതാക്കളെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്നരയോടെ സമരമവസാനിപ്പിക്കാൻ ധാരണയായി. ജോയി കണ്ണം ചിറ, ജോർജ് കുംബ്ലാനി, രാജേഷ് തറവട്ടത്ത്, രാജൻ വർക്കി, രാജു പൈകയിൽ എം.എ മത്തായി എന്നിവർ ചർച്ചയിൽ പങ്കെടുത്തു
കർഷകൻ തൈപ്പറമ്പിൽ ജിജി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ കാട്ടുപന്നി നശിപ്പിച്ച തെങ്ങിൻ തൈകളിലൊന്നുമായി കുത്തിയിരിപ്പു സമരം നടത്തുന്നു.